| Monday, 7th September 2026, 10:40 am

സൂപ്പര്‍ ശരണ്യയുടെ സീക്വലായിട്ട് എടുക്കാന്‍ നിന്ന പടമായിരുന്നു പ്രേമലു, എന്റെ മനസിലുണ്ടായിരുന്ന കഥയെ അതിലേക്ക് ബ്ലെന്‍ഡ് ചെയ്തു: കിരണ്‍ ജോസി

അമര്‍നാഥ് എം.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് വരെ ഓരോ സിനിമ ഹിറ്റാകുമ്പോഴും എല്ലാവരും പ്രശംസിക്കുന്നത് സംവിധായകന്‍ ഗിരീഷ് എ.ഡിയെയാണ്. എന്നാല്‍ ഗിരീഷിനെപ്പോലെ പ്രശംസ അര്‍ഹിക്കുന്ന മറ്റൊരാളാണ് കിരണ്‍ ജോസി. ഐ ആം കാതലനൊഴികെ ബാക്കി എന്ന സിനിമയുടെ എഴുത്തിലും ഗിരീഷിനൊപ്പം കിരണും ഭാഗമാണ്.

ഐ ആം കാതലനില്‍ ജില്‍സ് എന്ന കഥാപാത്രമായി വേഷമിട്ടത് കിരണായിരുന്നു. ഒന്നിച്ച സിനിമകളെല്ലാം ഹിറ്റാക്കിയ അപൂര്‍വ കോമ്പോയെന്നാണ് കിരണ്‍ ജോസി- ഗിരീഷ് എ.ഡി ടീമിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ബെത്‌ലഹേം 250 കോടിയും കടന്ന് മുന്നേറുമ്പോള്‍ കിരണ്‍ ജോസിയുടെ പേരും പലരും എടുത്തുപറയുന്നുണ്ട്.

കിരണ്‍ ജോസി Photo: Screen grab/ Reporter Films

ഒന്നിച്ച് വര്‍ക്ക് ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് കിരണ്‍. പലപ്പോഴും സംസാരത്തിനിടയില്‍ വന്നുപോകുന്ന കാര്യങ്ങളാണ് പിന്നീട് സിനിമയുടെ കഥയായി മാറുന്നതെന്ന് കിരണ്‍ ജോസി പറഞ്ഞു. പ്രേമലുവിന്റെ കഥയിലേക്ക് എത്തിയത് അവിചാരിതമായിട്ടായിരുന്നെന്നും സൂപ്പര്‍ ശരണ്യയുടെ സീക്വലായാണ് ആ കഥ ആദ്യം പ്ലാന്‍ ചെയ്തതെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പല പടങ്ങളുടെയും ഐഡിയ കിട്ടുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. നോര്‍മലായി പറഞ്ഞുപോകുന്നതിനിടക്ക് കിട്ടുന്ന പോയിന്റില്‍ നിന്നാകും ഓരോന്ന് കിട്ടുന്നത്. പ്രേമലുവിന്റെ കഥയിലേക്ക് എത്തിയതും അങ്ങനെയാണ്. ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടായിരുന്നു. അനുരാഗ് എഞ്ചീനീയറിങ് വര്‍ക്‌സ് എന്നായിരുന്നു അതിന്റെ പേര്. അതിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത് ഗിരീഷേട്ടന്‍ കണ്ണൂരില്‍ വന്നപ്പോള്‍ മീറ്റ് ചെയ്തിരുന്നു.

ആ സമയത്ത് സൂപ്പര്‍ ശരണ്യയുടെ ഒരു സീക്വല്‍ ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ഡിസ്‌കസ് ചെയ്തു. എന്റെ മനസില്‍ വേറൊരു കഥയുമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന ഒരു ഗ്രൂപ്പ് ഓഫ് മെന്‍ പിന്നീട് ജോലിയുടെ ആവശ്യത്തിന് ഹൈദരബാദില്‍ എത്തുന്നതായിരുന്നു എന്റെ മനസിലെ കഥ. അങ്ങനെ ഈ രണ്ട് ഐഡിയയും ഒന്നാക്കി. പിന്നീട് സൂപ്പര്‍ ശരണ്യയില്‍ നിന്ന് മാറി വേറൊരു ഗ്രൂപ്പ് ഓഫ് ഗേള്‍സിനെ ഇതിലേക്ക് കൊണ്ടുവന്നതാണ് പ്രേമലു,‘ കിരണ്‍ പറഞ്ഞു.

അതേസമയം റിലീസ് ചെയ്ത് മൂന്ന് വാരം പിന്നിടുമ്പോഴും ഗംഭീര മുന്നേറ്റമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കുന്നത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 250 കോടി പിന്നിട്ട ചിത്രം കേരളത്തില്‍ അധികം വൈകാതെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷ. തുടര്‍ച്ചയായി ഗംഭീര സിനിമകള്‍ ചെയ്തതോടെ മോളിവുഡിലെ ബ്രാന്‍ഡായി ഗിരീഷ് എ.ഡി മാറിയിരിക്കുകയാണ്.

Content Highlight: Writer Kiran Josey about Premalu and Super Sharanya movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more