കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ യുവ എഴുത്തുകാരി ഹണി ഭാസ്‌കരന്‍. തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞുനടക്കുന്ന രാഷ്ട്രീയ മാലിന്യമാണ് രാഹുലെന്നാണ് ഹണി ആരോപിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി ഇക്കാര്യം പങ്കുവെച്ചത്.
കഴിഞ്ഞദിവസം യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് യുവനേതാവ് തന്നോട് മോശമായി പെരുമാറിയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. നേതാവിന്റെ പേരെടുത്ത് പറയാതെയാണ് റിനി വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിന്നാലെയാണ് പേരെടുത്ത് പറഞ്ഞുകൊണ്ട് ഹണി ഭാസ്‌കരന്‍ രംഗത്തെത്തിയത്.
‘രാഹുല്‍ മാങ്കൂട്ടം- അനുഭവം’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. താന്‍ അടുത്തിടെ നടത്തിയ ശ്രീലങ്കന്‍ യാത്രയുടെ വിവരങ്ങളറിയാന്‍ മെസേജയച്ചെന്നും താന്‍ അതിന് മറുപടി നല്‍കിയെന്നും ഹണി പറഞ്ഞു. പിന്നീട് നിലമ്പൂര്‍ ഇലക്ഷന്റെ കാര്യത്തില്‍ ബെറ്റ് വെച്ച് പോയെന്നും അതിന് ശേഷം തുടര്‍ച്ചയായി മെസേജുകളയച്ചെന്നും പോസ്റ്റില്‍ പറയുന്നു.
താന്‍ അതിന് മറുപടിയൊന്നും അയച്ചില്ലെന്നും ആ ചാറ്റിന് പിന്നിലെ അശ്ലീല കഥകള്‍ താന്‍ പിന്നീട് അറിഞ്ഞെന്നും ഹണി കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ അയാളോട് അങ്ങോട്ട് മെസേജയച്ചെന്ന തരത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു നടന്നെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. ഇക്കാര്യം തന്നോട് പറഞ്ഞത് ആ നേതാവിന്റെ സുഹൃത്താണെന്നും പോസ്റ്റില്‍ പറയുന്നു. തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹണി വിശേഷിപ്പിച്ചു.
ആള്‍ക്കൂട്ടങ്ങളിലിരുന്ന് സ്ത്രീകളെക്കുറിച്ച് അസഭ്യം പറയുകയും ആഭാസച്ചിരി ചിരിക്കുകയും ചെയ്യുന്ന ഒരുത്തനെക്കൂടി ഇന്ന് വ്യക്തമാകുന്നുവെന്നും ഹണി പറയുന്നു. നിങ്ങള്‍ അടുത്ത് ഇടപഴകിയ ഇതേ പാര്‍ട്ടിയിലെ സ്ത്രീകളെ ഓര്‍ത്ത് ഭയവും സഹതാപവും തോന്നുന്നുവെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പീഡനം നടത്തിയവനെക്കാള്‍ അറപ്പുതോന്നേണ്ടത് വിശ്വസിച്ച് കൂടെ നടന്നവരുടെ സ്വകാര്യതയെ മനോവൈകല്യത്തിനനുസരിച്ച് കഥകളുണ്ടാക്കി അത് പറഞ്ഞു നടക്കുന്നവനെയാണെന്നും ഹണി പറയുന്നു.
ഇക്കാര്യം തന്നെ അറിയിച്ചത് സഖാക്കളല്ലെന്നും അയാളോടൊപ്പം തോളില്‍ കൈയിട്ടും നൃത്തം ചെയ്തും ഫണ്ട് മോഷണത്തില്‍ പങ്ക് കട്ടും നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്നും ഹണി ഭാസ്‌കരന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. ഫണ്ട് മുക്കാനും പെണ്‍ വിഷയങ്ങള്‍ക്കും വേണ്ടിയല്ലാതെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ആത്മാര്‍ത്ഥത തോന്നുന്നുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അതാണ് അന്തസ്സെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
Content Highlight: Writer Honey Bhaskaran’s Facebook post against Rahul Mamkoottathil