കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ട്രോളി ഫേസ്ബുക്കില്‍ കുറിപ്പിട്ട് എഴുത്തുകാരന്‍ ബെന്യാമിന്‍. മോദിയുടെ പ്രെട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കുന്നതിന് എന്നായിരുന്നു ബെന്യാമിന്റെ കുറിപ്പ്.
മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നു..?! ബെന്യാമിന്‍ കുറിച്ചു.
കര്‍ണ്ണാടക തെരഞ്ഞടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം നുണകള്‍ ആവര്‍ത്തിച്ചരുന്നു. സൈനിക മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധ മന്ത്രി വികെ കൃഷണമേനോനും അപമാനിച്ചെന്നായിരുന്നു മോദിയുടെ ആദ്യ പരാമര്‍ശം.
എന്നാല്‍, 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഈ വസ്തുത അറിയാതെയാണ് മോദി എഴുതിക്കൊടുത്ത പ്രസംഗം വായിച്ചുകുടുങ്ങിയത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്. 1948ല്‍ വി.കെ. കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല.1947മുതല്‍ 1952 വരെ യു.കെയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം.1957 മുതല്‍ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധ മന്ത്രി.
സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ പ്രസ്താവന. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന്് പ്രമുഖ ചരിത്രകാരന്‍ സയ്യിദ് ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കിയിരുന്നു.
നെഹ്റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. നെഹ്റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഇരുവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് പറയുന്നു.
അതേ സമയം ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്‍മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
ഭഗത് സിംങിനെ ആരും സന്ദര്‍ശിച്ചില്ലെന്നല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രകതസാക്ഷിയായ ഭഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമായിരുന്നു ശോഭാസുരേന്ദ്രന്റെ വിശദീകരണം. മനോരമന്യൂസ് ചാനലിലെ കൗണ്ടര്‍പോയിന്റ് ചര്‍ച്ചയിലായിരുന്നു ശോഭ സുരേന്ദ്രന്റെ വിചിത്ര വിശദീകരണം.