| Wednesday, 5th November 2025, 3:22 pm

നസ്രിയയ്ക്ക് അവാര്‍ഡ് നല്‍കിയപ്പോള്‍ ആരും 'പ്രീണനം' പറഞ്ഞുകേട്ടില്ല, തട്ടമിട്ടവരെ മാത്രമാണോ വനിതാ ലീഗുകാര്‍ മുസ്‌ലിം സ്ത്രീകളായി കാണുന്നത്? ആശ റാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഷംല ഹംസയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയത് ന്യൂനപക്ഷങ്ങളെ സോപ്പിടാനെന്ന പരാമര്‍ശത്തില്‍ വനിതാ ലീഗ് വൈസ് പ്രസിഡന്റ് ഷാഹിന നിയാസിയോട് ചോദ്യങ്ങളുമായി എഴുത്തുകാരി ആശ റാണി.

തലയില്‍ തട്ടമിട്ട സ്ത്രീകളെ മാത്രമാണോ വനിതാ ലീഗുകാര്‍ മുസ്‌ലിം സ്ത്രീകളായി കാണാറുള്ളതെന്നാണ് ആദ്യ ചോദ്യം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലീഗ് നേതാവിനോട് ആശ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ആരൊക്കെയാണ് മുസ്‌ലിം സ്ത്രീകളെന്ന് നിശ്ചയിക്കാനുളള അധികാരം നിങ്ങള്‍ക്ക്  ഉണ്ടോയെന്നും ആശ റാണി ചോദിക്കുന്നു. ഒരു മുസ്‌ലിം സ്ത്രീ അവരുടെ കലാപരമായ കഴിവുകൊണ്ട് നേടിയ അവാര്‍ഡ് കണ്ട് കുരുപൊട്ടാന്‍ എന്താണ് ഉള്ളതെന്നും ചോദ്യമുണ്ട്.

അവാര്‍ഡ് നല്‍കിയത് മുസ്‌ലിം സമുദായ പ്രീണനം എന്ന് ശശികല പറഞ്ഞാല്‍ മനസിലാക്കാം, അവരുടെ രാഷ്ട്രീയം അതാണ്. അതുതന്നെ വനിതാ ലീഗുകാരും പറയാന്‍ തുടങ്ങിയാല്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്നും ആശ റാണി ചോദിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹയായ നസ്രിയ നസിമിനെ കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്. മികച്ച നടിയ്ക്കും ജനപ്രിയ ചിത്രത്തിന്റെ നിര്‍മാതാവിനുള്ള പുരസ്‌കാരവും കരസ്ഥമാക്കിയ വ്യക്തിയാണ് നസ്രിയ.

അന്ന് യഥാക്രമം ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനുമായിരുന്നു മുഖ്യമന്ത്രിമാര്‍. നസ്രിയ ഒരു മുസ്‌ലിം സ്ത്രീയുമാണ്. അപ്പോഴൊന്നും ആരും മുസ്‌ലിം സ്ത്രീക്ക് അവാര്‍ഡ് കൊടുത്തത് സമുദായ പ്രീണനം, സോപ്പിടല്‍ എന്ന് പറഞ്ഞിട്ടില്ലെന്നും ആശ റാണി ചൂണ്ടിക്കാട്ടി.

ഒരു ചലച്ചിത്ര അവാര്‍ഡ് കൊടുത്തതുകൊണ്ട് പ്രീണനപ്പെടുന്ന അല്ലെങ്കില്‍ പ്രീണിപ്പിക്കാന്‍ കഴിയുന്ന സമുദായമാണ് കേരളത്തിലെ മുസ്‌ലിങ്ങള്‍ എന്നാണോ ഷാഹിന  ധരിച്ച് വച്ചിരിക്കുന്നതെന്നും അവര്‍ ചോദിച്ചു. അങ്ങനെ വല്ല പേടികളും നിങ്ങള്‍ക്ക് വന്നുതുടങ്ങിയെങ്കില്‍ സമുദായം നിങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ വെറുത്ത് തുടങ്ങിയെന്ന് വേണ്ടെ മനസിലാക്കാനെന്നും ആശ റാണി ചോദ്യമുന്നയിച്ചു.

ലീഗിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷിയെന്നാണ് ജനം മനസിലാക്കിയിരിക്കുന്നത്. ആഗോള ഇസ്ലാമിസ്റ്റുകളുടെ രാഷ്ട്രീയ കാറ്റടിച്ച് വെറുപ്പ് തുപ്പാന്‍ തുടങ്ങിയെങ്കില്‍ കഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുസ്‌ലിം സ്ത്രീ മുന്നേറ്റങ്ങള്‍ സാധ്യമാക്കപ്പെട്ട സമൂഹങ്ങള്‍ക്കൊപ്പം കേരളമുണ്ടാകുമെന്ന് ഉറപ്പാണെന്നും ആശ റാണി പറഞ്ഞു.

Content Highlight: Writer Asha Rani questioned Shahina Niyasi in kerala state film award

We use cookies to give you the best possible experience. Learn more