വനിതാ പ്രീമിയര്‍ ലീഗില്‍ യു.പി. വാരിയേഴ്‌സിനെ തകര്‍ത്ത് ഗുജറാത്ത് ജയന്റ്‌സ്. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സാണ് ടീമിന്റെ വിജയം. ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡ്‌നരുടെ കരുത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഗുജറാത്ത് 207 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന യു.പിക്ക് 197 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്.
മറുപടി ബാറ്റിങ്ങില്‍ വാരിയേഴ്‌സിന് തുടക്കം തന്നെ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് മൂന്ന് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ കിരണ്‍ നവഗിറയെ നഷ്ടമായിരുന്നു. എന്നാല്‍ പിന്നാലെ ഒരുമിച്ച മെഗ് ലാനിങ്ങും ഫോബി ലിച്ച് ഫീല്‍ഡും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 70 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു.
ലാനിങ് 27 പന്തില്‍ 30 റണ്‍സുമായി പുറത്തായപ്പോഴും ഫോബി പിടിച്ചു നിന്നു. പിന്നാലെ അടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. പക്ഷേ പിടിച്ച് നിന്ന ലാനിങ് പിന്നാലെത്തിയ ശ്വേത സെഹ്റാവത്തുമായി 69 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.
ആദ്യം ശ്വേത 17 പന്തില്‍ 25 റണ്‍സുമായും ഒരു ഓവറിനപ്പുറം ലാനിങ് 40 പന്തില്‍ 78 റണ്‍സുമായി തിരികെ നടന്നു. അതിന് ശേഷം ടീമിന് വീണ്ടും രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി.
ഒമ്പതാമതായി ഇറങ്ങിയ മലയാളി ആശ കാമിയോ നടത്തി ടീമിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വാരിയേഴ്‌സിന് വിജയിക്കാന്‍ സാധിച്ചില്ല. താരം 10 പന്തില്‍ 27 റണ്‍സുമായി പുറത്താവാതെ നിന്നു.
ഗുജറാത്തിനായി രേണുക സിങ്ങും ജോര്‍ജിയ വെയര്‍ഹാമും സോഫി ഡിവൈനും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഒപ്പം രാജേശ്വരി ഗെയ്ക്വാദ്, ആഷ്ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറത്തിനെ ക്യാപ്റ്റന്റെ അര്‍ധ സെഞ്ച്വറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. തരാം 41 പന്തില്‍ 65 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒപ്പം, അനുഷ്‌ക ബ്രിജ്മോഹന്‍ ശര്‍മ (30 പന്തില്‍ 44), സോഫി ഡിവൈന്‍ (20 പന്തില്‍ 38), ജോര്‍ജിയ വെയര്‍ഹാം
(10 പന്തില്‍ 27*) എന്നിവരും തിളങ്ങി.
വാരിയേഴ്‌സിനായി സോഫി എക്ലെസ്റ്റോണ്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഒപ്പം ശിഖ പാണ്ഡെയും ഡീന്‍ഡ്ര ഡോട്ടിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: WPL: Gujarat Giants defeated UP Warriorz in Women Premier League