വനിതാ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മലയാളി താരം ആശ ശോഭന യു.പി വാറിയേഴ്‌സിനായി പന്തെറിയും. താരലേലത്തില്‍ 1.10 കോടി രൂപയ്ക്കാണ് ആശയെ യു.പി വാറിയേഴ്‌സ് സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നുമാണ് ആശ യു.പി വാറിയേഴ്‌സിന്റെ മടയിലെത്തുന്നത്. ബൗളിങ് നിരയില്‍ യു.പിയുടെ കരുത്ത് വര്‍ധിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
ഡബ്ല്യൂ.പി.എല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരങ്ങളിലൊരാളായിരുന്നു ആശ ശോഭന. സീസണില്‍ 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ശ്രേയാങ്ക പാട്ടീലിന് ശേഷം സീസണില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും ആശയായിരുന്നു.
വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് സീസണുകളിലായി ഇതുവരെ 15 മത്സരങ്ങളാണ് ആശ കളിച്ചത്. 7.6 എക്കോണമിയില്‍ 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 5/22 ആണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം.
ഡബ്ല്യൂ.പി.എല്‍ 2024ലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്കും താരത്തിന് വിളിയെത്തിയിരുന്നു. 2024 മെയ് മാസത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടി-20 പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 33 വയസും 51 ദിവസവും പ്രായമുള്ളപ്പോള്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ആശ, ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
2008ല്‍, തന്റെ 31ാം വയസില്‍ അരങ്ങേറ്റം കുറിച്ച സീമ പൂജാരിയുടെ റെക്കോഡാണ് ആശ മറികടന്നത്.
അതേ വര്‍ഷം ജൂണില്‍ ഇന്ത്യയ്ക്കായി ഏകദിനത്തിലും ആശ അരങ്ങേറി. അന്ന് 33 വയസും 92 ദിവസവുമായിരുന്നു ആശയുടെ പ്രായം.
പുതിയ സീസണില്‍ യു.പി നിരയില്‍ കരുത്താകാന്‍ ഈ മലയാളി ലെഗ് ബ്രേക്കറുമുണ്ടാകുമെന്നുറപ്പാണ്. കിരീടം തന്നെ ലക്ഷ്യമിട്ടാകും ടൂര്‍ണമെന്റിന്റെ നാലാം സീസണില്‍ വാറിയേഴ്‌സ് കളത്തിലിറങ്ങുക.
ദീപ്തി ശര്‍മ – 3.2 കോടി (ആര്‍.ടി.എം)
ശിഖ പാണ്ഡേ – 2.40 കോടി
മെഗ് ലാന്നിങ് – 1.90 കോടി
ഫോബ് ലീച്ച്ഫീല്‍ഡ് – 1.20 കോടി
ആശ ശോഭന – 1.10 കോടി
സോഫി എക്കല്‍സ്റ്റോണ്‍ – 85 ലക്ഷം (ആര്‍.ടി.എം)
ഡിയാന്‍ഡ്ര ഡോട്ടിന്‍ – 80 ലക്ഷം
കിരണ്‍ നവ്ഗിരെ – 60 ലക്ഷം – (ആര്‍.ടി.എം)
ഹര്‍ലീന്‍ ഡിയോള്‍ – 50 ലക്ഷം
ക്രാന്തി ഗൗഡ് – 50 ലക്ഷം (ആര്‍.ടി.എം)
Content Highlight: WPL 2026: UP Warriorz acquired Asha Sobhana