| Sunday, 18th January 2026, 7:36 am

നാല് റണ്‍സിന് മിസ്സായത് വെറും സെഞ്ച്വറിയല്ല, ചരിത്രം; പടയോട്ടത്തില്‍ മന്ഥാന മൂന്നാം സ്ഥാനത്ത്

ശ്രീരാഗ് പാറക്കല്‍

വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം (ജനുവരി 17) നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിജയം സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സാധിച്ചിരുന്നു. മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ആര്‍.സി.ബി വിജയം നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 166ന് ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ആര്‍.സി.ബി നേടിയത്.

സെഞ്ച്വറിക്ക് അരികെ വീണ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറി നേടിയ ജോര്‍ജിയ വോളിന്റെയും കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.

61 പന്തില്‍ മൂന്ന് സിക്‌സും 13 ഫോറുമടക്കം 96 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് വെറും നാല് റണ്‍സ് അരികെ നന്ദിനി ശര്‍മയ്ക്ക് മുമ്പില്‍ കീഴടങ്ങുകയായിരുന്നു മന്ഥാന.
ഇതോടെ ഒരു ചരിത്ര നേട്ടത്തില്‍ ഇടം നേടാനുള്ള അവസരവും മന്ഥാനയ്ക്ക് നഷ്ടപ്പെട്ടു.

ഡബ്ല്യു.പി.എല്ലിന്റെ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനുള്ള അവസരമാണ് മന്ഥാന നഷ്ടപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ മൂന്നാം സീസണായിട്ടും ഒരൊറ്റ താരത്തിന് പോലും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്.

എന്നിരുന്നാലും ഡബ്ല്യു.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് മന്ഥാനയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ അലീസ ഹീലി, ബെത് മൂണി എന്നിവര്‍ക്കൊപ്പമാണ് മന്ഥാന സ്ഥാനം പിടിച്ചത്.

അതേസമയം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ജോര്‍ജിയ വോളും സോഫി ഡിവൈനുമാണ് 99 റണ്‍സാണ് ഇരുവരും സ്വന്തമനാക്കിയത്. മാത്രമല്ല ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനും മന്ഥാനയ്ക്ക് സാധിച്ചിരിക്കുകയാണ്.

ഡബ്ല്യു.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരങ്ങള്‍

ജോര്‍ജിയ വോള്‍ (യു.പി വാരിയേഴ്‌സ്) – 99*

സോഫി ഡിവൈന്‍ (ആര്‍.സി.ബി) – 99

അലീസ ഹീലി (യു.പി വാരിയേഴ്‌സ്) – 96*

ബെത് മൂണി (ഗുജറാത്ത് ജെയ്ന്റ്‌സ്) – 96*

സ്മൃതി മന്ഥാന (ആര്‍.സി.ബി) – 96

മത്സരത്തില്‍ മന്ഥാനയ്‌ക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന ജോര്‍ജിയ വോള്‍ 42 പന്തില്‍ 54* റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന് പുറമെ റിച്ച ഘോഷ് നാല് പന്തില്‍ ഏഴ് റണ്‍സുമായും പുറത്താവാതെ നിന്നു. അതേസമയം ദല്‍ഹിക്ക് വേണ്ടി 62 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്.

ഇതോടെ 2026 ഡബ്ല്യു.പി.എല്ലില്‍ പരാജയമറിയാതെ കുതിക്കുന്ന ഏക ടീമാകാനും മുന്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചു. നിലവില്‍ നാല് മത്സരങ്ങളിലും തുടര്‍ച്ചയായി വിജയിച്ച ആര്‍.സി.ബി എട്ട് പോയിന്റാണ് നേടിയത്.

Content Highlight: WPL 2026: Smriti Mandhana In Great Record Achievement In WPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more