വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം (ജനുവരി 17) നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിജയം സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സാധിച്ചിരുന്നു. മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ആര്‍.സി.ബി വിജയം നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 166ന് ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ആര്‍.സി.ബി നേടിയത്.
മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരം ഷഫാലി വര്‍മയായിരുന്നു. 41 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് താരം അടിച്ചെടുത്തത്. 151.22 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിന് ഉണ്ടായിരുന്നു. ഇതോടെ വുമണ്‍സ് ടി-20 ക്രിക്കറ്റില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. കൂടാതെ ഡബ്ല്യു.പി.എല്ലില്‍ 50 സിക്‌സര്‍ പൂര്‍ത്തിയാക്കാനും ഷഫാലിക്ക് സാധിച്ചു.
ഇതിന് പുറമെ ഒരു കിടിലന്‍ റെക്കോഡ് ലിസ്റ്റില്‍ ഇടം നേടാനും ഷഫാലിക്ക് സാധിച്ചിരിക്കുകയാണ്. വുമണ്‍സ് ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന അഞ്ചാമത്തെ താരമാകാനാണ് ഷഫാലിക് സാധിച്ചത്.
സോഫി ഡിവൈന്‍ – 450 (449)
ലിസെല്ലി ലീ – 289 (289)
ഡിയോന്‍ഡ്ര ഡോട്ടിന്‍ – 229 (346)
ഹര്‍മന്‍പ്രീത് കൗര്‍ – 222 (346)
ഷഫാലി വര്‍മ – 201 (214)
അതേസമയം സെഞ്ച്വറിക്ക് അരികെ വീണ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറി നേടിയ ജോര്‍ജിയ വോളിന്റെയും കരുത്തിലാണ് ആര്‍.സി.ബി വിജയം സ്വന്തമാക്കിയത്. 61 പന്തില്‍ മൂന്ന് സിക്സും 13 ഫോറുമടക്കം 96 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്.
അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് വെറും നാല് റണ്‍സ് അരികെ നന്ദിനി ശര്‍മയ്ക്ക് മുമ്പില്‍ കീഴടങ്ങുകയായിരുന്നു മന്ഥാന. ജോര്‍ജിയ വോള്‍ 42 പന്തില്‍ 54* റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന് പുറമെ റിച്ച ഘോഷ് നാല് പന്തില്‍ ഏഴ് റണ്‍സുമായും പുറത്താവാതെ നിന്നു.
Content Highlight: WPL 2026: Shafali Varma In Great Record Achievement In Women’s T20 Cricket