അവസാന പന്ത് വരെ ആരാധകരുടെ നെഞ്ചിടിപ്പിന് വേഗം കൂട്ടിയ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം.
നവി മുംബൈയില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് വനിതാ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു മന്ഥാനയുടെയും സംഘത്തിന്റെയും വിജയം. ആവേശവും ആകാംക്ഷയും അല തല്ലിയ മത്സരത്തില്‍ അവസാന പന്തിലാണ് മന്ഥാനപ്പട ജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം പാളിയിരുന്നു. അമേലിയ കേര്‍, നാറ്റ് സിവര്‍ ബ്രണ്ട് എന്നിവര്‍ നാല് റണ്‍സ് മാത്രം നേടിയ മടങ്ങിയപ്പോള്‍ മലയാളി താരം സജന സജീവന്റെയും നിക്കോള കാരിയുടെയും കരുത്തിലാണ് മുംബൈ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
സജന 25 പന്ത് നേരിട്ട് 45 റണ്‍സ് നേടി. ഏഴ് ഫോറും ഒരു സിക്‌സറും അടക്കം 180.0 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
29 പന്തില്‍ നിന്നും 40 റണ്‍സാണ് കാരി സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. 28 പന്ത് നേരിട്ട് 32 റണ്‍സ് നേടിയ ജി. കമാലിനിയാണ് ടീമിനായി സ്‌കോര്‍ കണ്ടെത്തിയ മറ്റൊരു താരം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 17 പന്തില്‍ 20 റണ്‍സും നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 154ലെത്തി.
സജനയുടേതും കാരിയുടേതുമടക്കം നാല് വിക്കറ്റ് വീഴ്ത്തിയ നാദിന്‍ ഡി ക്ലെര്‍ക്കാണ് മുംബൈയെ എറിഞ്ഞൊതുക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റ് വീണത് തിരിച്ചടിയായി.
ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസ് 25 റണ്‍സും ക്യാപ്റ്റന്‍ മന്ഥാന 18 റണ്‍സും നേടിയെങ്കിലും പിന്നാലെയെത്തിയ മൂന്ന് താരങ്ങളും ഒറ്റയക്കത്തിനാണ് പുറത്തായത്. 62/2 എന്ന നിലയില്‍ നിന്നും 65/5 എന്ന നിലയിലേക്കായിരുന്നു ആര്‍.സി.ബി കൂപ്പുകുത്തിയത്.
എന്നാല്‍ ആറാം വിക്കറ്റില്‍ നാദിന്‍ ഡി ക്ലെര്‍ക്കും അരുന്ധതി റെഡ്ഡിയും പടുത്തുയര്‍ത്തിയ 52 റണ്‍സിന്റെ കൂട്ടുകെട്ട് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 20 റണ്‍സടിച്ച റെഡ്ഡിയെ പുറത്താക്കി നിക്കോള കാരിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ 18 റണ്‍സായിരുന്നു ആര്‍.സി.ബിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. നാറ്റ് സിവര്‍ ബ്രണ്ടെറിഞ്ഞ ഓവറില്‍ സ്‌ട്രൈക്കിലുണ്ടായിരുന്നത് നാദിന്‍ ഡി ക്ലെര്‍ക്.
ആദ്യ രണ്ട് പന്തിലും ഒറ്റ റണ്‍സ് പോലും പിറക്കാതെ പോയതോടെ ആര്‍.സി.ബി ക്യാമ്പ് മൂകമായി. എന്നാല്‍ അടുത്ത പന്ത് ലോങ് ഓഫിന് മുകളിലൂടെ ഗ്യാലറിയിലെത്തിയതോടെ പ്ലേ ബോള്‍ഡ് ആരാധകര്‍ വീണ്ടും സ്വപ്‌നം കണ്ടുതുടങ്ങി.
അടുത്ത പന്ത് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടത്തിയ ക്ലെര്‍ക് തന്റെ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
രണ്ട് പന്തില്‍ വിജയിക്കാന്‍ എട്ട് റണ്‍സ് വേണമെമന്നിരിക്കെ ഓവറിലെ അഞ്ചാം പന്തിലും സിക്‌സര്‍ നേടി. സ്ലോ ബോള്‍ ഉപയോഗിച്ച് നാദിന്‍ ഡി ക്ലെര്‍ക്കിനെ പരീക്ഷിക്കാമെന്ന് കണക്കുകൂട്ടിയ ബ്രണ്ടിനെ നിരാശയാക്കി പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലെത്തി.
അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ഫോറടിച്ച് ക്ലെര്‍ക് ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlight: WPL 2026: Royal Challengers Bengaluru defeated Mumbai Indians