| Friday, 16th January 2026, 11:40 pm

ഗുജറാത്തിനെ ചാരമാക്കി ആര്‍.സി.ബി; പടയോട്ടത്തില്‍ ഇവര്‍ ഒന്നാം സ്ഥാനത്ത്!

ശ്രീരാഗ് പാറക്കല്‍

ഡബ്ല്യു.പി.എല്ലില്‍ ഗുജറാത്ത് ജെയ്ന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് ആര്‍.സി.ബി വിജയം സ്വന്തമാക്കിയത്.

ഇതോടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ ആര്‍.സി.ബി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് സ്മൃതി മന്ഥാനയും സംഘവും സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 150 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ആര്‍.സി.ബിക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ശ്രേയങ്ക പാട്ടില്‍ ആണ്. അഞ്ച് വിക്കറ്റ് നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ലോറ ബെല്ല മൂന്ന് വിക്കറ്റും നേടി മികവ് പുലര്‍ത്തി.

ഗുജറാത്തിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് മധ്യനിരയില്‍ ബാറ്റ് ചെയ്ത ഭാരതി ഫുല്‍മാനിയാണ്. 20 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം അടിച്ചെടുത്തത്. ഓപ്പണര്‍ ബെത്ത് മൂണി 27 റണ്‍സും നേടിയിരുന്നു. താരത്തിന് പുറമേ 21 റണ്‍സ് നേടി തനുജ കന്‍വാര്‍ 21 റണ്‍സ് നേടി.

അതേസമയം ആര്‍.സി.ബിക്കുവേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് മധ്യനിരയില്‍ ബാറ്റ് ചെയ്ത രാധ യാധവാണ്. 47 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 66 റണ്‍സാണ് താരം അടിച്ചെടുത്തത്.

ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെട്ട ആര്‍.സി.ബിക്ക് വേണ്ടി അവസാന ഓവര്‍ വരെ ക്രീസില്‍ പിടിച്ചുനിന്നതും രാധയായിരുന്നു. താരത്തിന് പുറമേ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് 28 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടി.

ഗുജറാത്തിന് വേണ്ടി സോഫി ഡിവൈനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. താരത്തിന് പുറമേ കേശവീ ഗൗതം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രേണുക സിങ്, ജോര്‍ജിയ വേര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: WPL 2026: RCB Defeat Gujarat Gaints

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more