2026 വനിതാ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കുന്ന താരമായി ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. 3.2 കോടി രൂപയാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ യു.പി വാറിയേഴ്‌സിന്റെ താരമായ ദീപ്തി പുതിയ സീസണിലും വാറിയേഴ്‌സിനൊപ്പം തന്നെയാണ്.
അടിസ്ഥാന വിലയായ 50 ലക്ഷമാണ് താരലേലത്തില്‍ ദീപ്തിക്ക് ലഭിച്ചത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ദീപ്തിക്കായി ബിഡ് ചെയ്തത്. എന്നാല്‍ ലേലം ഉറപ്പിക്കും മുമ്പ് വാറിയേഴ്‌സ് ആര്‍.ടി.എം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയായിരുന്നു.
ഇതോടെ ദല്‍ഹി ക്യാപ്പിറ്റല്‍സ് 3.2 കോടിയായി തങ്ങളുടെ ബിഡ് ഉയര്‍ത്തി. ഈ തുകയ്ക്ക് വാറിയേഴ്‌സും സമ്മതമറിയിച്ചതോടെ ദീപ്തി യു.പിയില്‍ തന്നെ തുടരുകയായിരുന്നു.
മെഗാ താരലേലത്തിന് മുമ്പ് 21കാരിയായ ശ്വേത സെഹ്‌റാവത്തിനെ മാത്രമാണ് വാറിയേഴ്‌സ് നിലനിര്‍ത്തിയത്. 50 ലക്ഷമാണ് താരത്തിന് നല്‍കിയത്. ദീപ്തി ശര്‍മയ്ക്ക് പുറമെ സോഫി എക്കല്‍സ്റ്റോണ്‍ അടക്കമുള്ള വമ്പന്‍ പേരുകാരെ ടീം ഓക്ഷന്‍ പൂളിലേക്ക് ഇറക്കി വിട്ടു.
ഇതോടെ 14.5 കോടി രൂപയുമായാണ് വാറിയേഴ്‌സ് ലേലത്തിനെത്തിയത്. കയ്യിലുള്ള തുക ടീം മികച്ച രീതിയില്‍ വിനിയോഗിക്കുകയും ചെയ്തു. താരലേലത്തില്‍ ഏറ്റവുമധികം തുക ലഭിച്ച എട്ട് താരങ്ങളില്‍ നാല് പേരെയും വാറിയേഴ്‌സ് തന്നെയാണ് സ്വന്തമാക്കിയത്.
(താരം – ടീം – അടിസ്ഥാന വില – വിന്നിങ് ബിഡ് എന്നീ ക്രമത്തില്‍)
ദീപ്തി ശര്‍മ – യു.പി വാറിയേഴ്‌സ് – 50 ലക്ഷം – 3.2 കോടി (ആര്‍.ടി.എം)
അമേലിയ കേര്‍ – മുംബൈ ഇന്ത്യന്‍സ് – 50 ലക്ഷം – 3 കോടി
ശിഖ പാണ്ഡേ – യു.പി വാറിയേഴ്‌സ് – 40 ലക്ഷം – 2.4 കോടി
സോഫി ഡിവൈന്‍ – ഗുജറാത്ത് ജയന്റ്‌സ് – 50 ലക്ഷം – 2 കോടി
മെഗ് ലാന്നിങ് – യു.പി വാറിയേഴ്‌സ് – 50 ലക്ഷം – 1.9 കോടി
ഷിനെല്‍ ഹെന്‌റി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 30 ലക്ഷം – 1.3 കോടി
എന്‍. ചാരിണി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 30 ലക്ഷം – 1.3 കോടി
ഫോബ് ലീച്ച്ഫീല്‍ഡ് – യു.പി വാറിയേഴ്‌സ് – 50 ലക്ഷം – 1.2 കോടി
ആശ ശോഭന – യു.പി വാറിയേഴ്‌സ് – 30 ലക്ഷം – 1.1 കോടി
ലോറ വോള്‍വാര്‍ഡ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 30 ലക്ഷം – 1.1 കോടി
ജോര്‍ജിയ വെര്‍ഹാം – ഗുജറാത്ത് ജയന്റ്‌സ് – 50 ലക്ഷം – 1.0 കോടി
Content Highlight: WPL 2026: Biggest bid in auction