2026 ടി – 20 ലോകകപ്പിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഫെബ്രുവരി ഏഴ് മുതലാണ് ടൂർണമെന്റിന് തുടക്കമാവുന്നത്. മാർച്ച് എട്ടിന് കലശപ്പോരോടെ ടൂർണമെന്റിന് അന്ത്യമാകും.
ടൂർണമെന്റ് അടുത്ത് നിൽക്കുമ്പോളും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഇന്ത്യയിലേക്ക് സഞ്ചരിക്കില്ലെന്ന നിലപാടിൽ ഉറച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതിൽ നിന്നാണ് വിവാദങ്ങൾ കൂടുതൽ ശക്തിപ്പെട്ടത്. ഈ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള മത്സരം പാകിസ്ഥാൻ ബഹിഷ്കരിക്കുന്നതിലേക്ക് എത്തിനിൽക്കുന്നു ഇപ്പോൾ വിവാദങ്ങൾ.
നാസർ ഹുസൈൻ. Photo: Shebas/x.com
ഈ വിഷയത്തിൽ ഐ.സി.സിക്ക് നേരെ വിമർശനമുന്നയിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഇന്ത്യ സമാന നിലപാട് സ്വീകരിക്കുമ്പോളും ഐ.സി.സി പുറത്താക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. സ്കൈ ക്രിക്കറ്റിൽ സംസാരിക്കവെയാണ് നാസർ ഹുസൈൻ ഇക്കാര്യത്തിൽ സംസാരിച്ചത്.
‘ഇന്ത്യയാണ് ടൂർണമെന്റിന്റെ ഒരു മാസം മുമ്പ് ഞങ്ങളുടെ സർക്കാറിന് പ്രത്യേക രാജ്യത്ത് കളിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതെങ്കിൽ ഐ.സി.സി ഇതേ നിലപാട് സ്വീകരിക്കുമോ? നിങ്ങൾക്ക് നിയമങ്ങൾ അറിയാമല്ലോ, അതിനാൽ നിങ്ങളെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയാണ് എന്ന് പറയുമായിരുന്നോ?,’ നാസർ ഹുസൈൻ പറഞ്ഞു.
ഐ.പി.എല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ യാണ് ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമായത്. മുസ്തഫിസുറിനെ പുറത്താക്കിയത് പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) തങ്ങളുടെ ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റാൻ ആവശ്യപ്പെട്ട് ഐ.സി.സിയ്ക്ക് കത്തെഴുതി.
മുസ്തഫിസുർ റഹ്‌മാൻ. Photo: Johns/x.com
എന്നാൽ, ഐ.സി.സി ഈ ആവശ്യങ്ങൾ നിരസിക്കുകയും ബംഗ്ലാദേശിന് അവസാന തീരുമാനം അറിയിക്കാൻ അന്ത്യശാസനവും നൽകി. എന്നിട്ടും ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന് ഉറച്ചുനിന്ന ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെ, പാകിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, ബഹിഷ്കരിച്ചാൽ ഐ.സി.സി കടുത്ത നടപടികൾ എടുത്തേക്കുമെന്നതിനാൽ ടീം ആ തീരുമാനത്തിൽ നിന്ന് പിന്മാറി. പിന്നീട് ഇന്ത്യയോട് മാത്രമുള്ള മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാസർ ഹുസൈന്റെ പ്രതികരണം.
Content Highlight: Would they have taken the same stand against India?! Nasser Hussain raises questions against the ICC