| Sunday, 24th May 2026, 4:10 pm

ഹോര്‍മുസിലെ തടസം നീക്കും; 60 ദിവസം വെടി നിര്‍ത്തല്‍; യു.എസും ഇറാനും സമാധാന കരാറിലേക്കെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍:യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്കെന്ന് സൂചന. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ അന്തിമ കരാറിലേക്ക് എത്തിച്ചേരാന്‍ സാധിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്ത ഉടനുണ്ടാവും എന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അഭിപ്രായപ്പെട്ടു.

ഇറാന്‍-യു.എസ് സമാധാന കരാര്‍ നടപ്പായാല്‍ ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം 30 ദിവസത്തിനകം പൂര്‍വസ്ഥിതിയിലാക്കുമെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാലയളവില്‍ കടലിടുക്കിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കി യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മാറ്റണണെന്ന് ധാരണാ പത്രത്തില്‍ പറയുന്നു.

60 ദിവസത്തെ വെടിനിര്‍ത്തലിനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ കാലാവധിയില്‍ ഇറാന്റെ ആണവ പദ്ധതികളിലൂന്നിയ ചര്‍ച്ചകള്‍ക്കായി യു.എസ്. നിര്‍ദേശിക്കുന്നുണ്ട്. ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇറാന് അനുമതി നല്‍കുമെന്ന് കരട് ധാരണാ പത്രത്തില്‍ പറയുന്നു. പകരം കപ്പല്‍ പാതയില്‍ ഇറാന്‍ സ്ഥാപിച്ചതായി കരുതുന്ന നാവിക മൈനുകള്‍ നീക്കം ചെയ്യണം. യു.എസിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇറാന്‍ എണ്ണ കയറ്റുമതിയിലുള്ള ഉപരോധങ്ങളില്‍ താത്കാലിക ഇളവ് നല്‍കുമെന്നും കരട് ധാരണാ പത്രത്തിലുണ്ട്.

അതേ സമയം, കപ്പല്‍ ഗതാഗതത്തില്‍ തങ്ങള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ മാത്രമേ ഹോര്‍മുസിലെ തടസ്സങ്ങള്‍ നീക്കൂ എന്ന നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകളില്‍ ആണവ ശേഖരം സംബന്ധിച്ച വ്യവസ്ഥകള്‍ ഇറാന്‍ അംഗീകരിച്ചില്ലെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ വിദേശത്തുള്ള സ്വത്തുക്കള്‍ മരവിപ്പിച്ച നടപടി ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധാരണാ പത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനായി ആണവ ശേഖരവുമായി ബന്ധപ്പെട്ട യു.എസ് നിര്‍ദേശങ്ങള്‍ ഇറാന്‍ അംഗീകരിക്കണമെന്ന വ്യവസ്ഥയും ധാരണാ പത്രത്തിലുണ്ട്.

ഇറാനിലെ തുറമുഖങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളില്‍ യു.എസ് ഇളവ് വരുത്തും എന്നും കരാറില്‍ പറയുന്നതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. യുറേനിയം സമ്പുഷ്ടീകരണം, യുറേനിയം ശേഖരം എന്നീ വിഷയങ്ങളില്‍ ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ ഉപരോധങ്ങളില്‍ യു.എസ് ഇളവ് നല്‍കുമെന്നും കരാറിന്റെ കരടിലുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ ആണവ ആയുധങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പു നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. കരാര്‍ അന്തിമഘട്ടത്തിലെത്തിയെന്ന തരത്തിലാണ് യു.എസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണമെങ്കിലും ഇറാന്‍ അധികൃതരില്‍ നിന്ന് സമാന പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ സമ്പുഷ്ട യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ക്ക് ഇറാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി ചില യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കരാറിന്റെ അന്തിമ ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് എത്തിച്ചേരാന്‍ കരാര്‍ സഹായിക്കുമെന്നും വ്യക്തമാക്കിയ ട്രംപ് മറ്റ് വിശദാംശങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.

ഹോര്‍മുസ് കടലിടുക്കിലെ തടസ്സം ആഗോള ഊര്‍ജ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഫെബ്രുവരി 28നായിരുന്നു യു.എസും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്.

Content Highlight: Would reopen Strait of Hormuz. Trump says Iran deal ‘largely negotiated’,

Latest Stories

We use cookies to give you the best possible experience. Learn more