വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരത്തിലും ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ശുഭ്മന്‍ ഗില്ലിന് കീഴില്‍ ആദ്യ പരമ്പര വിജയം സ്വന്തമാക്കിയത്.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യ, ദല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് ഏഴ് വിക്കറ്റിനും വിജയിച്ചു.
സ്‌കോര്‍
ഇന്ത്യ: 518/5d & 124/3 (T: 121)
വെസ്റ്റ് ഇന്‍ഡീസ്: 248 & 390 (f/o)
വിന്‍ഡീസിനെതിരായ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്തിയെങ്കിലും ഒന്നാമതോ രണ്ടാതോ എത്തിയിട്ടില്ല. ഓസ്‌ട്രേലിയയും ശ്രീലങ്കയും പട്ടികയിലെ ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ തുടരുകയാണ്.
ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്തിരിക്കുന്നത്. രണ്ട് മത്സരം പരാജയപ്പെട്ടപ്പോള്‍ ഒരു ടെസ്റ്റ് സമനിലയിലും അവസാനിച്ചു. 52 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 61.90 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം.
36 പോയിന്റുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് പെര്‍ഫെക്ട് 100.00 പി.സി.ടിയുമാാണ് ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി 16 പോയിന്റും 66.67 പോയിന്റ് ശതമാനവുമായാണ് ശ്രീലങ്ക രണ്ടാം സ്ഥാനത്തുള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റല്ല, മറിച്ച് പോയിന്റ് ശതമാനം കണക്കാക്കിയാണ് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്. ഇക്കാരണത്താലാണ് ഇന്ത്യയെക്കാള്‍ പോയിന്റ് കുറഞ്ഞിട്ടും ഓസീസും ലങ്കയും മുമ്പിലെത്തിയത്.
അഞ്ച് മത്സരത്തില്‍ രണ്ട് വീതം വിജയവും തോല്‍വിയും ഒരു സമനിലയുമായി ഇംഗ്ലണ്ടാണ് നാലമത്. രണ്ട് മത്സരത്തില്‍ ഒരു തോല്‍വിയും ഒരു സമനിലയുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 518 റണ്‍സിന് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. യശസ്വി ജെയ്‌സ്വാള്‍ (258 പന്തില് 175), ശുഭ്മന്‍ ഗില്‍ (196 പന്തില്‍ 129), സായ് സുദര്‍ശന്‍ (165 പന്തില്‍ 87) എന്നിവരുടെ കരുത്തിലാണ് ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ കണ്ടെത്തിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 248ന് പുറത്തായി. 41 റണ്‍സടിച്ച അലിക് അത്തനാസാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 390 റണ്‍സ് സ്വന്തമാക്കി. ജോണ്‍ കാംബെല്‍, ഷായ് ഹോപ്പ് എന്നിവരുടെ സെഞ്ച്വറിയും അവസാന വിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്‌സും ജെയ്ഡന്‍ സീല്‍സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുമാണ് കരീബിയന്‍സിനെ മറ്റൊരു ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നും കരകയറ്റിയത്.
കാംബെല്‍ 199 പന്ത് നേരിട്ട് 115 റണ്‍സ് നേടി. 214 പന്തില്‍ 103 റണ്‍സാണ് ഹോപ്പ് സ്വന്തമാക്കിയത്. ഗ്രീവ്‌സ് പുറത്താകാതെ 50 റണ്‍സും സീല്‍സ് 32 റണ്‍സും നേടി.
രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി വിന്‍ഡഡീസ് പതനം പൂര്‍ത്തിയാക്കി.
121 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് യശസ്വി ജെയ്‌സ്വാളിനെ രണ്ടാം ഓവറില്‍ എട്ട് റണ്‍സിന് നഷ്ടപ്പെട്ടു. എന്നാല്‍ കെ.എല്‍ രാഹുല്‍ (108 പന്തില്‍ പുറത്താകാതെ 58), സായ് സുദര്‍ശന്‍ (76 പന്തില്‍ 39) എന്നിവരുടെ കരുത്തില്‍ അവസാന ദിവസത്തിന്റെ ആദ്യ സെഷനില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: World Test Championship point table