| Wednesday, 11th June 2025, 3:10 pm

ഇതുവരെ എടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഠിനമായ തീരുമാനങ്ങളില്‍ ഒന്നായിരിക്കാം ഇത്; സൂപ്പര്‍ ബൗളറെ കളത്തിലിറക്കി ബാവുമ

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ കലാശപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരം ജൂണ്‍ 11 മുതല്‍ 15 വരെയാണ് അരങ്ങേറുന്നത്.

നിലവില്‍ മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡ് തെരഞ്ഞെടുത്തിരിക്കുകയാണ്. ക്യാപ്റ്റന്‍ തെംബ ബാവുമയുടെ നേതൃത്വത്തില്‍ കിരീടം ലക്ഷ്യംവെച്ചാണ് പ്രോട്ടിയാസ് കളത്തിലിറങ്ങുന്നത്. ഐ.സി.സിയുടെ പല കിരീടങ്ങളുടെയും അടുത്തെത്തിയ ശേഷം വീണുപോയെങ്കിലും പ്രോട്ടിയാസിന് കാലങ്ങളോളമുള്ള കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനാകുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

മത്സരത്തിന് മുമ്പ് പ്രോട്ടിയാസ് ക്യാപ്റ്റന്‍ ബാവുമ സംസാരിച്ചിരുന്നു. പേസ് ആക്രമണത്തിന് മുന്‍ഗണന നല്‍കിയ ടീമില്‍ ലുങ്കി എന്‍ഗിഡിയെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ബാവുമ സംസാരിച്ചു. ഡെയ് പാറ്റേഴ്‌സനെ മറികടന്നാണ് എന്‍ഗിഡിക്ക് പ്രയോരിറ്റി ലഭിച്ചത്. എന്‍ഗിഡിയുടെ റെക്കോഡുകളും ഉയരവും പേസും ടീമിനെ സഹായിക്കുമെന്നാണ് ബാവുമ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പാറ്റേഴ്‌സനും ടീമിലെ ഓള്‍ റൗണ്ടറായ വിയാന്‍ മുള്‍ഡറും മികച്ചവരാണെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇതുവരെ എടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഠിനമായ തീരുമാനങ്ങളില്‍ ഒന്നായിരിക്കാം ഇത്. കഴിഞ്ഞ സീസണിന്റെ അവസാനം വരെ ഡെയ്ന്‍ പാറ്റേഴ്‌സണ്‍ ഞങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ കാണുന്നു. പക്ഷേ ഇത് ഒരു തന്ത്രപരമായ വീക്ഷണമാണ്. അല്‍പം ഉയരമുള്ളവനായതുകൊണ്ട് ലുങ്കിയില്‍ നിന്ന് കൂടുതല്‍ വേഗത പ്രതീക്ഷിക്കുന്നു.

ലുങ്കിക്ക് മികച്ച റെക്കോഡുകളും ഉണ്ട്. പാറ്റോയും മികച്ചവനാണ് അവനൊന്നും കുറവില്ല. പക്ഷേ, ബൗളിങ് ആക്രമണത്തില്‍ എന്‍ഗിഡി കുറച്ചുകൂടി മികവ് പുലര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. പാറ്റോയെപ്പോലെ സമാനമായ ഒന്ന് നല്‍കാന്‍ കഴിയുന്ന വിയാന്‍ മുള്‍ഡറെപ്പോലുള്ള ഒരു വ്യക്തിയും നമുക്കുണ്ട്,’ ക്യാപ്റ്റന്‍ തെംബ ബാവുമ പറഞ്ഞു.

സൗത്ത് ആഫ്രിക്കയുടെ പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ ലുങ്കി എന്‍ഗിഡി

ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി, (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്‌

Content Highlight: World Test Championship Final: Temba Bavuma Talking About Lungi Ngidi

We use cookies to give you the best possible experience. Learn more