| Thursday, 5th June 2025, 7:25 am

കിരീടമില്ലാത്തവര്‍ കപ്പടിക്കുന്ന പരിപാടി സമ്പൂര്‍ണമാകണമെങ്കില്‍ ഇനി വേണ്ടത് ഇവരുടെ വിജയം; ആരാധകര്‍ കാത്തിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ കിരീടം ശിരസിലണിഞ്ഞിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആറ് റണ്‍സിന് പഞ്ചാബ് കിങ്‌സിനെ തകര്‍ത്താണ് വിരാട് കോഹ്‌ലിയും സംഘവും തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

ഏറെ കാലമായി കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത ടീമുകള്‍ കപ്പടിക്കുന്ന കാഴ്ചയ്ക്കാണ് കായിക ലോകം സാക്ഷ്യം വഹിക്കുന്നത്. പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടവും ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ യൂറോപ്പ ലീഗ് വിജയവും ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍ യുണൈറ്റഡ് ടീമുകളുടെ വിജയവും ഹാരി കെയ്‌നിന്റെ കരിയറിലെ ആദ്യ കിരീടവുമെല്ലാം വൈകാരികമായാണ് കായികലോകം കൊണ്ടാടിയത്.

ഈ പട്ടിക പൂര്‍ണമാകണമെങ്കില്‍ മറ്റൊരു ടീമിന്റെ കിരീടധാരണം കൂടിയുണ്ടാകണം, സൗത്ത് ആഫ്രിക്കയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയം. 1997ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മറ്റൊരു കിരീടവും നേടാന്‍ സാധിക്കാതെ പോയ ടീമായ പ്രോട്ടിയാസ് ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിനിറങ്ങുകയാണ്.

2023 ടി-20 ലോകകപ്പിലെ ഫൈനലടക്കം നിരവധി തവണയാണ് പ്രോട്ടിയാസിന് കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടപ്പെട്ടത്. ചോക്കേഴ്‌സ് എന്ന പേരും ടീമിനെ വിടാതെ പിന്തുടര്‍ന്നു.

എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയാണ് ഡബ്ല്യൂ.ടി.സി ഫൈനലില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 11നാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അരങ്ങേറുന്നത്. വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.

19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.

ബാവുമയ്ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ളത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയുന്ന ടീമിന് 3.6 മില്യണ്‍ ഡോളറാണ് ഐ.സി.സി സമ്മാനമായി നല്‍കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 2.16 മില്യണ്‍ ഡോളറും സമ്മാനമായി ലഭിക്കും. കഴിഞ്ഞ രണ്ട് സീസണിലും ജേതാക്കള്‍ക്ക് 1.6 മില്യണാണ് സമ്മാനമായി ലഭിച്ചത്.

ഇതിന് പുറമെ പോയിന്റ് പട്ടികയിലെ എല്ലാ ടീമുകള്‍ക്കും സ്ഥാനത്തിനനുസരിച്ചുള്ള സമ്മാനത്തുകയും ഐ.സി.സി നല്‍കുന്നുണ്ട്.

Content Highlight: World Test Championship final: South Africa will face Australia

We use cookies to give you the best possible experience. Learn more