| Monday, 5th May 2025, 12:32 pm

ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ ജീനോം എഡിറ്റ് ചെയ്ത നെല്ലിനങ്ങൾ വികസിപ്പിച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോകത്തിലെ ആദ്യത്തെ ജീനോം എഡിറ്റ് ചെയ്ത (GE) നെല്ല് ഇനങ്ങൾ വികസിപ്പിച്ചെടുത്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്. മികച്ച വിളവ്, വരൾച്ചയും ലവണാംശവും പ്രതിരോധിക്കാനുള്ള കഴിവ്, ഉയർന്ന നൈട്രജൻ ഉപയോഗ കാര്യക്ഷമത എന്നിവയുള്ള നെല്ലിനങ്ങളാണ് വികസിപ്പിച്ചെടുത്തത്.

ലോകത്തിലെ ആദ്യത്തെ ജീനോം എഡിറ്റ് ചെയ്ത നെല്ല് ഇനങ്ങളായ കമല, പുസ ഡി.എസ്.ടി റൈസ് 1 എന്നിവയാണ് ഇന്ത്യ പുറത്തിറക്കിയത്. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഈ ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യത്ത് ഒമ്പത് മെഗാഹെക്ടർ സ്ഥലത്ത് വ്യാപകമായി കൃഷി ചെയ്യുന്ന സാംഭ മഹ്സൂരി, കോട്ടൺഡോറ സന്നലു എന്നിവയ്ക്ക് പകരമായി പുതിയ ഇനങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂദൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.ആർ.ഐ ), ഹൈദരാബാദിലെ ഇന്ത്യൻ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ ഇനങ്ങൾ കാലാവസ്ഥയെ പ്രതിരോധിക്കാൻ കഴിവുള്ളതായി കണക്കാക്കപ്പെടുന്നു.

ഇതോടെ, ജീനോം-എഡിറ്റഡ് അല്ലെങ്കിൽ ജി.ഇ അരി ഇനങ്ങൾ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

‘ഈ പുതിയ വിളകൾ ഉത്പാദനം വർധിപ്പിക്കുക മാത്രമല്ല, പാരിസ്ഥിതികമായും നല്ല ഫലങ്ങൾ നൽകും. ഇത് വെള്ളം ലാഭിക്കുകയും ഹരിതഗൃഹ വാതകം പുറംതള്ളുന്നത് കുറയ്ക്കുകയും അതുവഴി പാരിസ്ഥിതിക സമ്മർദം കുറയ്ക്കുകയും ചെയ്യും,’ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ഭാവിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഉത്പാദനം വർധിപ്പിക്കുക, ഇന്ത്യയ്ക്കും ലോകത്തിനും ഭക്ഷണം നൽകുക, ഇന്ത്യയെ ലോകത്തിലെ ഭക്ഷ്യശേഖരമാക്കി മാറ്റുക എന്നിവ നടപ്പിലാക്കാൻ സാധിക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഐ.സി.എ.ആറിന്റെ എൻ.എ.എസ്‌.സി കോംപ്ലക്സിൽ വെച്ച് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ഈ രണ്ട് നെല്ലിനങ്ങളും പുറത്തിറക്കി. പുതിയ നെല്ലിനങ്ങൾ കർഷകരിലേക്ക് എത്തിക്കഴിഞ്ഞാൽ, നെൽകൃഷിയുടെ വിസ്തൃതി പതുക്കെ അഞ്ച് ദശലക്ഷം ഹെക്ടർ കുറയ്ക്കാനും ഉത്പാദനം 10 ദശലക്ഷം ടൺ വർധിപ്പിക്കാനും സാധിക്കുമെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ഹോർട്ടികൾച്ചർ വിളകൾ, മൃഗങ്ങൾ, മത്സ്യങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയ്ക്കായി മെഗാ ജീനോം എഡിറ്റിങ് പദ്ധതികൾ ഐ.സി.എ.ആർ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഴപ്പഴം, ഗോതമ്പ്, കടുക്, പുകയില, പരുത്തി, തേയില തുടങ്ങിയ വിളകൾക്കായുള്ള മറ്റ് ജീനോം എഡിറ്റിങ് പദ്ധതികൾ പുരോഗമിക്കുകയാണ്. സൂര്യകാന്തി, സോയാബീൻ, നിലക്കടല, കടല, ഉഴുന്ന്, മസൂർ തുടങ്ങിയ ചില എണ്ണക്കുരുക്കളും പയർവർഗ വിളകളും പദ്ധതിയിലുണ്ട്.

നിലവിൽ ഇന്ത്യയിൽ ഖാരിഫ്, റാബി സീസണുകളിൽ ഏകദേശം 46 മെഗാ ഹെക്ടർ സ്ഥലത്ത് നെല്ല് കൃഷി ചെയ്യുന്നുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ. 2012 മുതൽ ഇന്ത്യ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. 2025 സാമ്പത്തിക വർഷത്തിൽ 12 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന അരി ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.

Content Highlight: World’s 1st Rice Variety Using 21st Century “Genome Editing” Produced In India

Latest Stories

We use cookies to give you the best possible experience. Learn more