വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ഫൈനലില്‍. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെതിരെ ത്രില്ലര്‍ വിജയം നേടിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒറ്റ റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ വിജയം.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടാനായത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ഓപ്പണര്‍ ജെ.ജെ. സ്മട്‌സിന്റെയും മോര്‍ണി വാന്‍ വിക്കിന്റെയും കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ എ.ബി. ഡി വില്ലിയേഴ്‌സിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ഇരുവരുടെയും മികച്ച കൂട്ടുകെട്ടാണ് ടീമിന് തുണയായത്.
ഡി വില്ലിയേഴ്‌സ് നാല് പന്തില്‍ ആറ് റണ്‍സുമായി മടങ്ങി. വണ്‍ ഡൗണായി ക്രീസിലെത്തിയ വാന്‍ വിക്ക് സ്മട്‌സിനെ ഒപ്പം കൂട്ടി രരണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ഒന്നിച്ച് ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് തകരുന്നത് 124ലാണ്. 12ാം ഓവറിലെ അവസാന പന്തില്‍ സ്മട്‌സിനെ ഡാന്‍ ക്രിസ്റ്റ്യനാണ് കൂട്ടുകെട്ട് പൊളിച്ചത്. 41 പന്തില്‍ 57 റണ്‍സാണ് താരം അടിച്ചെടുത്തത്.
പിന്നാലെയെത്തിയ സാരെല്‍ ഇര്‍വി ഒറ്റയക്കത്തിന് മടങ്ങിയെങ്കിലും വാന്‍ വിക്ക് ചെറുത്തുനിന്നു. 16ാം ഓവറിലെ അഞ്ചാം പന്തില്‍ പുറത്താകും മുമ്പേ 35 പന്ത് നേരിട്ട് താരം 76 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു. അഞ്ച് സിക്‌സറും ഏഴ് ഫോറും അടക്കം 214.14 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
പിന്നാലെയെത്തിയവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കാതെ വന്നതോടെ നിശ്ചിത ഓവറില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലെത്തി.
ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനായി പീറ്റര്‍ സിഡില്‍ നാല് വിക്കറ്റ് വീഴ്ത്തി. ഡിയാര്‍സി ഷോര്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബ്രെറ്റ് ലീയും ഡാന്‍ ക്രിസ്റ്റ്യനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് മികച്ച തുടക്കമാണ് ടോപ്പ് ഓര്‍ഡര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 45 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ തിളങ്ങി. ക്രിസ് ലിന്‍ (20 പന്തില്‍ 35), ഷോണ്‍ മാര്‍ഷ് (17 പന്തില്‍ 25), ഡിയാര്‍സി ഷോര്‍ട്ട് (29 പന്തില്‍ 33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
അഞ്ചാം നമ്പറിലിറങ്ങിയ ഡാന്‍ ക്രിസ്റ്റ്യന്റെ മികച്ച പ്രകടനത്തിനാണ് ശേഷം എഡ്ജ്ബാസ്റ്റണ്‍ സാക്ഷ്യം വഹിച്ചത്. മറുവശത്ത് പ്രോട്ടിയാസ് ലെജന്‍ഡ്‌സ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുമ്പോഴും മത്സരം കൈവിട്ടുപോകാതിരിക്കാന്‍ ഡാന്‍ ക്രിസ്റ്റിയന്‍ ശ്രദ്ധിച്ചു. വീക്ക് ബോളുകളെ മാത്രം ആക്രമിച്ച് താരം സ്‌കോര്‍ ഉയര്‍ത്തി.
ഒടുവില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്. അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സും.
വെയ്ന്‍ പാര്‍ണലിന്റെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി സ്‌ട്രെക്കിലുണ്ടായിരുന്ന റോബ് ക്വീനി പ്രോട്ടിയാസിനെ സമ്മര്‍ദത്തിലാക്കി. അടുത്ത പന്ത് സിംഗിള്‍ നേടിയ ക്വീനി സ്‌ട്രൈക്ക് ഡാന്‍ ക്രിസ്റ്റ്യന് കൈമാറി. മൂന്നാം പന്തില്‍ ഡബിളോടി ക്രിസ്റ്റിയന്‍ സ്‌ട്രൈക്ക് നിലനിര്‍ത്തുകയും ചെയ്തു.
അടുത്ത മൂന്ന് പന്തില്‍ വിജയിക്കാന്‍ വേണ്ടത് വെറും അഞ്ച് റണ്‍സ്. രണ്ട് പന്തില്‍ രണ്ട് റണ്‍സ് കൂടി പിറന്നതോടെ മത്സരം കൂടുതല്‍ ആവേശമായി. എന്നാല്‍ ഇതിനിടെ പേശിവലിവ് മൂലം ബുദ്ധിമുട്ടിയ ക്വീനി റിട്ടയര്‍ഡ് ഹര്‍ട്ടായി തിരികെ മടങ്ങാന്‍ നിര്‍ബന്ധിതനായി. നഥാന്‍ കൂള്‍ട്ടര്‍ നൈലാണ് പകരക്കാരനായി എത്തിയത്.
അവസാന പന്തില്‍ വിജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന ഡാന്‍ ക്രിസ്റ്റ്യന്‍ ബൗളറുടെ തലയ്ക്ക് മുകളിലൂടെ ഫോര്‍ ലക്ഷ്യമിട്ട് ഷോട്ട് കളിച്ചു. എന്നാല്‍ ബൗണ്ടറി ലൈനിന് സമീപമുണ്ടായിരുന്ന ഡി വില്ലിയേഴ്‌സ് പന്ത് അതിവേഗം കൈപ്പിടിയിലൊതുക്കുകയും രണ്ടാം റണ്‍സിനോടിയ കൂള്‍ട്ടര്‍ നൈലിനെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാക്കുകയുമായിരുന്നു. ഇതോടെ സൗത്ത് ആഫ്രിക്ക ഒരു റണ്‍സിന് വിജയം സ്വന്തമാക്കി.
ഞായറാഴ്ചയാണ് ടൂര്‍ണമെന്റിലെ ഫൈനല്‍ പോരാട്ടം. പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് എതിരാളികള്‍.
Content Highlight: World Championship of Legends: South Africa Champions qualified for the final