2007 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതോര്‍മയില്ലേ? ഇരു ടീമുകളും ഒരേ സ്‌കോര്‍ നേടിയതിന് പിന്നാലെ ബോള്‍ ഔട്ടില്‍ ഇന്ത്യ വിജയിച്ച ആ മത്സരം തന്നെ. ഇന്ത്യയ്ക്കായി വിരേന്ദര്‍ സേവാഗും ഭാജിയും റോബിന്‍ ഉത്തപ്പയും ലക്ഷ്യം കാണുകയും പാകിസ്ഥാന് ആദ്യ മൂന്ന് അവസരത്തില്‍ ഒന്ന് പോലും വിക്കറ്റില്‍ കൊള്ളിക്കാനാകാതെ പോവുകയും ചെയ്തതോടെ മത്സരത്തില്‍ ധോണിപ്പട വിജയം സ്വന്തമാക്കുകയായിരുന്നു.
ഇതേ കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം എഡ്ജ്ബാസ്റ്റണില്‍ സാക്ഷ്യം വഹിച്ചത്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് മത്സരത്തില്‍ പ്രോട്ടിയാസ് ബോള്‍ ഔട്ടിലൂടെ വിജയം പിടിച്ചടക്കുകയായിരുന്നു.
മോശം കാലാവസ്ഥ മൂലം ആദ്യം ബാറ്റ് ചെയത വെസ്റ്റ് ഇന്‍ഡീസിന് 11 ഓവര്‍ മാത്രമാണ് ലഭിച്ചത്. 11 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ടീം 79 റണ്‍സ് നേടി.
21 പന്തില്‍ 28 റണ്‍സ് നേടിയ ലെന്‍ഡില്‍ സിമ്മണ്‍സും 21 പന്തില്‍ പുറത്താകാതെ 27 റണ്‍സടിച്ച ചാഡ്വിക് വാള്‍ട്ടണും വിന്‍ഡീസ് നിരയില്‍ കരുത്തായി.
ക്രിസ് ഗെയ്‌ലും (ആറ് പന്തില്‍ രണ്ട്), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (ഗോള്‍ഡന്‍ ഡക്ക്), ഡ്വെയ്ന്‍ സ്മിത് (11 പന്തില്‍ ഏഴ്) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. എട്ട് റണ്‍സ് നേടിയ ഡ്വെയ്ന്‍ ബ്രാവോയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
സൗത്ത് ആഫ്രിക്കക്കായി ആരോണ്‍ ഫാംഗിസോ രണ്ട് വിക്കറ്റെടുത്തപ്പോള്‍, ഹാര്‍ഡസ് വ്യോണ്‍, ജെ.ജെ. സ്മട്‌സ്, ഡുവാന്‍ ഒലിവര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്കായി വിജയലക്ഷ്യം 11 ഓവറില്‍ 81 എന്ന നിലയില്‍ പുനര്‍നിശ്ചയിച്ചു. റിച്ചാര്‍ഡ് ലെവി (ഏഴ് പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ എ.ബി ഡി വില്ലിയേഴ്‌സ് (നാല് പന്തില്‍ മൂന്ന്) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും ജെ.പി. ഡുമിനിയും സരല്‍ എര്‍വീയും പ്രോട്ടിയാസിനായി സ്‌കോര്‍ ഉയര്‍ത്തി. ഡുമിനി 12 പന്തില്‍ പുറത്താകാതെ 25 റണ്‍സും എര്‍വീ 18 പന്തില്‍ 27 റണ്‍സും അടിച്ചെടുത്തു.
പത്ത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. അവസാന വിജയിക്കാന്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു ടീമിന് വേണ്ടിയിരുന്നത്. ഫിഡല്‍ എഡ്വാര്‍ഡ്‌സ് എറിഞ്ഞ 11ാം ഓവറിലെ ആദ്യ രണ്ട് പന്തില്‍ നിന്ന് തന്നെ ആറ് റണ്‍സ് പിറന്നതോടെ പ്രോട്ടിയാസ് ജയമുറപ്പിച്ചു. എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ എഡ്വാര്‍ഡ്‌സ് എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതോടെ പ്രോട്ടിയാസിന് 80/6 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.
വിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്രലും ഫിഡല്‍ എഡ്വാര്‍ഡ്‌സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സുലൈമാന്‍ ബെന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
ബോള്‍ ഔട്ടില്‍ ആദ്യ ഊഴം സൗത്ത് ആഫ്രിക്കക്കായിരുന്നു. അഞ്ച് ഡെലിവെറികളിലെ ആദ്യ മൂന്നും മിസ് ചെയ്ത പ്രോട്ടിയാസ് അവസാന രണ്ട് പന്തുകള്‍ വിക്കറ്റില്‍ കൊള്ളിച്ചു. ഇതിന് മറുപടിക്കിറങ്ങിയ വിന്‍ഡീസിന്റെ ആദ്യ നാല് ശ്രമവും പാഴാവുകയും പ്രോട്ടിയാസ് വിജയിക്കുകയുമായിരുന്നു.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്
1. ആരോണ്‍ ഫാംഗിസോ ❌
2. ക്രിസ് മോറിസ് ❌
3. ഹാര്‍ഡസ് വ്യോണ്‍ ❌
4. ജെ.ജെ. സ്മട്‌സ് ✔️
5. വെയ്ന്‍ പാര്‍ണല്‍ ✔️
വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്
1. ഫിഡല്‍ എഡ്വാര്‍ഡ്‌സ് ❌
2. ഷെല്‍ഡണ്‍ കോട്രല്‍ ❌
3. ആഷ്‌ലി നേഴ്‌സ് ❌
4. ഡ്വെയ്ന്‍ ബ്രാവോ ❌
22ാം തീയ്യതിയാണ് ഇരു ടീമുകളും അടുത്ത മത്സരത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ രാത്രി ഒമ്പതിന് സൗത്ത് ആഫ്രിക്ക ഇന്ത്യയെയും നേരിടും.
Content highlight: World Championship of Legends: South Africa Champions defeated West Indies Champions in Bowl-Out