വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ തരിപ്പണമാക്കി സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ എ.ബി. ഡി വില്ലിയേഴ്‌സിന്റെ സെഞ്ച്വറി കരുത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നേടിയത്.
ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം 26 പന്ത് ശേഷിക്കെ പ്രോട്ടിയാസ് ഇതിഹാസങ്ങള്‍ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ഡിയാര്‍സി ഷോര്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 25 പന്ത് നേരിട്ട് ഏഴ് ഫോറും അഞ്ച് സിക്‌സറും അടക്കം 264.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ 66 റണ്‍സാണ് ഷോര്‍ട്ട് നേടിയത്.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 37 പന്തില്‍ 48 റണ്‍സ് നേടി അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികില്‍ പുറത്തായി. 25 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയ ജോ ബേണ്‍സാണ് മറ്റൊരു റണ്‍വേട്ടക്കാരന്‍.
അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജോനാഥന്‍ വെല്‍സിന്റെ ഇന്നിങ്‌സാണ് (12 പന്തില്‍ പുറത്താകാതെ 23) ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ 200 കടത്തിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് 209ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന് തുടക്കത്തിലേ ഫാഫ് ഡു പ്ലെസിയെ നഷ്ടപ്പെട്ടിരുന്നു. മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഫാഫിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ വണ്‍ ഡൗണായി നായകന്‍ എ.ബി. ഡി വില്ലിയേഴ്‌സ് കളത്തിലെത്തിയ നിമിഷം മുതല്‍ കങ്കാരുക്കള്‍ മത്സരം തോറ്റുതുടങ്ങി.
ഒരു വശത്ത് നിന്ന് ഡി വില്ലിയേഴ്‌സും മറുവശത്ത് നിന്ന് റിച്ചാര്‍ഡ് ലെവിയും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചൊതുക്കി. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
ടീം സ്‌കോര്‍ 139ല്‍ നില്‍ക്കവെ ലെവിയെ മടക്കി കെയ്ന്‍ റിച്ചാര്‍ഡ്‌സാണ് കൂട്ടുകെട്ട് പൊളിച്ചു. 29 പന്തില്‍ 62 റണ്‍സുമായാണ് ലെവി മടങ്ങിയത്.
നാലാം നമ്പറില്‍ ക്രീസിലെത്തിയ ജെ.പി ഡുമ്‌നിക്ക് ഡി വില്ലിയേഴ്‌സിന് പിന്തുണ നല്‍കുക മാത്രമായിരുന്നു ഉത്തരവാദിത്തം. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ഡുമ്‌നി അക്ഷരാര്‍ത്ഥത്തില്‍ ഡി വില്ലിയേഴ്‌സിന്റെ ബാറ്റിങ് ആസ്വദിക്കുകയായിരുന്നു.
15ാം ഓവര്‍ അവസാനിക്കുമ്പോള്‍ 193/2 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. വിജയിക്കാന്‍ വേണ്ടതാകട്ടെ 17 റണ്‍സും.
94 റണ്‍സുമായി സ്‌ട്രൈക്കിലുണ്ടായിരുന്ന ഡി വില്ലിയേഴ്‌സ്, 16ാം ഓവറിലെ ആദ്യ പന്തില്‍ ബെന്‍ ഹൈഫന്‍ഹൗസിനെ സിക്‌സറിന് തൂക്കി സെഞ്ച്വറി പൂര്‍ത്തിയാക്കി. ഓവറിലെ രണ്ടാം പന്തില്‍ മറ്റൊരു സിക്‌സറും മൂന്നാം പന്തില്‍ ഫോറുമടിച്ച ഡി വില്ലിയേഴ്‌സ് ഒരു സിംഗിളുമായി ടീമിനെ വിജയത്തിലേക്കും നയിച്ചു.
40 പന്തില്‍ 11 സിക്‌സറും ആറ് ഫോറും അടക്കം 277.50 സ്‌ട്രൈക് റേറ്റില്‍ 111* റണ്‍സാണ് ഡി വില്ലിയേഴ്‌സ് സ്വന്തമാക്കിയത്. ഡുമ്‌നി 22 പന്തില്‍ പുറത്താകാതെ 27 റണ്‍സും നേടി.
നാളെയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഇന്ത്യ ചാമ്പ്യന്‍സാണ് എതിരാളികള്‍.
Content highlight: World Championship Of Legends: South Africa Champions defeated Australia Champions