വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങളുടെ ആവേശത്തിലേക്കാണ് ക്രിക്കറ്റ് ലോകം വഴിമാറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ച പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ് എന്നിവരാണ് സെമി ഫൈനലിന് യോഗ്യത നേടിയത്.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരെയുമാണ് സെമി പോരാട്ടങ്ങളില്‍ നേരിടുക.
എന്നാല്‍ ആദ്യ സെമി ഫൈനല്‍ ആരംഭിക്കും മുമ്പ് തന്നെ അവസാനിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനമുറപ്പിച്ച പാകിസ്ഥാന്‍ ചാമ്പ്യന്‍സിനോട് അവസാന നിമിഷം സെമിയുറപ്പിച്ച ഇന്ത്യ ചാമ്പ്യന്‍സ് കളിക്കില്ല എന്ന് നിലപാടെടുത്തതോടെയാണ് മത്സരമില്ലാതെ തന്നെ വിജയികള്‍ പിറന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് യുവരാജ് സിങ്ങും സംഘവും പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളത്തിലിറങ്ങില്ല എന്ന നിലപാട് സ്വീകരിച്ചത്. നേരത്തെ ആദ്യ ഘട്ട പോരാട്ടങ്ങളിലും ഇന്ത്യ – പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയിരുന്നു.
ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ എ.ബി. ഡി വില്ലിയേഴ്‌സിന്റെ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ നേരിടും. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം.
കളിച്ച അഞ്ചില്‍ നാല് മത്സരവും വിജയിച്ചാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് സെമി ഫൈനലിന് യോഗ്യത നേടിയത്. അഞ്ചില്‍ മൂന്ന് മത്സരത്തിലാണ് ലീയും സംഘവും വിജയിച്ചുകയറിയത്.
ടൂര്‍ണമെന്റില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് 95 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ ഡി വില്ലിയേഴ്‌സിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് പ്രോട്ടിയാസ് മികച്ച വിജയം സ്വന്തമാക്കിയത്.
ഓഗസ്റ്റ് രണ്ട്, ശനിയാഴ്ചയാണ് കിരീടപ്പോരാട്ടം. എഡ്ജ്ബാസ്റ്റണിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content highlight: World Championship of Legends: Semi Final Matches