| Sunday, 4th October 2026, 5:47 pm

ഡി വില്ലിയേഴ്‌സിന്റെ സൗത്ത് ആഫ്രിക്കയും ഗെയ്‌ലിന്റെ വിന്‍ഡീസും നേര്‍ക്കുനേര്‍; പൊടിപാറുന്ന അടിക്ക് സാക്ഷിയാകാന്‍ ഷാര്‍ജ

ആദർശ് എം.കെ.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ പുതിയ സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സും വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സും ഏറ്റുമുട്ടുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡീഫന്‍ഡിങ് ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു.

ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സിന് കീഴിലാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് കളത്തിലിറങ്ങുന്നത്. ക്രിസ് ഗെയ്‌ലാണ് വിന്‍ഡീസ് ചാമ്പ്യന്‍സിന്റെ നായകന്‍.

അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച ഇതിഹാസങ്ങള്‍ കളത്തിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിനെ ഫാന്‍ ഫേവറിറ്റാക്കുന്നത്.

ഡി വില്ലിയേഴ്‌സിന് പുറമെ ഫാഫ് ഡു പ്ലെസി, ഇമ്രാന്‍ താഹിര്‍, വെയ്ന്‍ പാര്‍ണെല്‍ തുടങ്ങിയവര്‍ പ്രോട്ടിയാസിനായി കളത്തിലിറങ്ങുമ്പോള്‍ ഗെയ്‌ലിന്റെ പടയില്‍ ലെന്‍ഡില്‍ സിമ്മണ്‍സ്, ഡ്വെയ്ന്‍ ബ്രാവോ, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവരും അണിനിരക്കുന്നു.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന സൗത്ത് ആഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 എന്ന നിലയിലാണ്. 11 പന്തില്‍ 14 റണ്‍സ് നേടിയ ഡു പ്ലെസിയുടെ വിക്കറ്റാണ് ടീമിന് നഷ്ടപ്പെട്ടത്. 12 പന്തില്‍ 16 റണ്‍സുമായി റിച്ചാര്‍ഡ് ലെവിയും ഒരു പന്തില്‍ ഒരു റണ്ണുമായി ഡി വില്ലിയേഴ്‌സുമാണ് ക്രീസില്‍.

സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍

റിച്ചാര്‍ഡ് ലെവി, ഫാഫ് ഡു പ്ലെസി, എ.ബി. ഡി വില്ലിയേഴ്‌സ്, കോളിന്‍ ഇന്‍ഗ്രം, മോണി വാന്‍ വൈക് (വിക്കറ്റ് കീപ്പര്‍), സാരെല്‍ എര്‍വീ, ആരോണ്‍ ഫാന്‍ഗിസോ, വെയ്ന്‍ പാര്‍ണെല്‍, മര്‍ച്ചന്റ് ഡി ലാംഗെ, ഇമ്രാന്‍ താഹിര്‍, റോബര്‍ട്ട് ഫ്രൈലിങ്ക്.

വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍

ക്രിസ് ഗെയ്ല്‍ (ക്യാപ്റ്റന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്, ചാഡ്വിക് വാള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, കാര്‍ലോസ് ബ്രാത്വെയ്റ്റ്, റെയ്മണ്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, റയാദ് എംറിറ്റ്, ഫിഡല്‍ എഡ്വാര്‍ഡ്‌സ്, സുലൈമാന്‍ ബെന്‍, ഡേവ് മുഹമ്മദ്.

ഇംഗ്ലണ്ടില്‍ നടന്ന ആദ്യ രണ്ട് സീസണുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ടൂര്‍ണമെന്റ് യു.എ.ഇയിലേക്ക് എത്തുന്നത്. ഒക്ടോബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ 18 വരെ ഷാര്‍ജ, ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍.

ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും ആറ് ടീമുകളാണ് മാറ്റുരച്ചത്. ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്, ഇംഗ്ലണ്ട് ചാമ്പ്യന്‍സ് എന്നിവരായിരുന്നു ടീമുകള്‍.

ഇത്തവണ ബംഗ്ലാദേശ് ചാമ്പ്യന്‍സ് കൂടി എത്തിയതോടെ ടൂര്‍ണമെന്റിലെ ടീമുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ആദ്യ സീസണില്‍ ഇന്ത്യ ചാമ്പ്യന്‍സും രണ്ടാം സീസണില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സുമാണ് ജേതാക്കളായത്.

ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള മത്സരങ്ങള്‍ ഷാര്‍ജയിലും, ഒക്ടോബര്‍ ഒമ്പത് മുതല്‍ 12 വരെയുള്ള മത്സരങ്ങള്‍ ദുബായിലും നടക്കും. തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ വീണ്ടും ഷാര്‍ജയിലേക്ക് മടങ്ങിയെത്തും.

ഒക്ടോബര്‍ 16ന് സെമിഫൈനല്‍ മത്സരങ്ങളും ഒക്ടോബര്‍ 18ന് ഫൈനലും നടക്കും.

Content Highlight: World Championship of Legends: SA vs WI

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more