വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാമ്പ്യന്‍സിന് തോല്‍വി. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെതിരെ നാല് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ ചാമ്പ്യന്‍സ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ഇതിഹാസങ്ങള്‍ ഒരു പന്ത് ശേഷിക്കെ മറികടന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശിഖര്‍ ധവാന്റെയും യൂസുഫ് പത്താന്റെയും കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയെ ഒപ്പം കൂട്ടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ധവാന്‍ ഇന്ത്യ ചാമ്പ്യന്‍സിന് അടിത്തറയൊരുക്കിയത്. ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെ ആറാം ഓവറിലെ ആദ്യ പന്തില്‍ ഡാന്‍ ക്രിസ്റ്റ്യന്‍ ഉത്തപ്പയെ മടക്കി. 21 പന്തില്‍ 37 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
അതേ ഓവറില്‍ അംബാട്ടി റായിഡു ഡക്കായും മടങ്ങി. സുരേഷ് റെയ്‌ന (11 പന്തില്‍ 11), ക്യാപ്റ്റന്‍ യുവരാജ് സിങ് (നാല് പന്തില്‍ മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റില്‍ യൂസുഫ് പത്താനെ ഒപ്പം കൂട്ടി ധവാന്‍ സ്‌കോര്‍ ഉയര്‍ത്തി.
അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും തിളങ്ങിയത്. ഒടുവില്‍ 20 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റിന് 204ലെത്തി. ധവാന്‍ 60 പന്തില്‍ പുറത്താകാതെ 91 റണ്‍സ് നേടി. 12 ഫോറും ഒരു സിക്‌സറും അടക്കം 151.67 സ്‌ട്രൈക്ക് റേറ്റിലാണ് ഗബ്ബര്‍ സ്‌കോര്‍ ചെയ്തത്.
നാല് സിക്‌സറിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 23 പന്തില്‍ പുറത്താകാതെ 52 റണ്‍സാണ് പത്താന്റെ സമ്പാദ്യം. 226.09 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റാണ് പത്താനുണ്ടായിരുന്നത്.
ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനായി ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡിയാര്‍സി ഷോര്‍ട്ടും ക്യാപ്റ്റന്‍ ബ്രെറ്റ് ലീയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് അത്രകണ്ട് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഷോണ്‍ മാര്‍ഷ് (15 പന്തില് 11), ക്രിസ് ലിന്‍ (പത്ത് പന്തില്‍ 25), ഡിയാര്‍സി ഷോര്‍ട്ട് (15 പന്തില്‍ 20), ബെന്‍ ഡങ്ക് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരുടെ വിക്കറ്റുകള്‍ എട്ട് ഓവറിനിടെ ഓസീസിന് നഷ്ടപ്പെട്ടു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഡാന്‍ ക്രിസ്റ്റ്യനെ ഒപ്പം കൂട്ടി കാല്ലം ഫെര്‍ഗൂസന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഫെര്‍ഗൂസന്റെ വെടിക്കെട്ടില്‍ കങ്കാരുക്കള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു.
അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 90 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ത്ത് വിനയ് കുമാര്‍ ഇന്ത്യ ചാമ്പ്യന്‍സിന് ബ്രേക് ത്രൂ സമ്മാനിച്ചു. 28 പന്തില്‍ 39 റണ്‍സ് നേടിയാണ് ക്രിസ്റ്റ്യന്‍ പുറത്തായത്.
ഡാന്‍ ക്രിസ്റ്റ്യന്‍ പുറത്തായെങ്കിലും ഫെര്‍ഗൂസന്‍ വെടിക്കെട്ട് തുടര്‍ന്നു. 38 പന്ത് നേരിട്ട് പുറത്താകാതെ 70 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ബെന്‍ കട്ടിങ് (ആറ് പന്തില്‍ 15), റോബ് ക്വീനി (എട്ട് പന്തില്‍ പുറത്താകാതെ 16) എന്നിവരുടെ ആളിക്കത്തലുമായപ്പോള്‍ ഇന്ത്യ എരിഞ്ഞടങ്ങി.
മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയോടെ ഒരു പോയിന്റുമായി ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെതിരെയാണ് യുവരാജിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. ഞായറാഴ്ച നടക്കുന്ന മത്സരത്തിന് ലീഡ്‌സാണ് വേദിയാകുന്നത്.
Content Highlight: World Championship of Legends: Australia Champions defeated India Champions