| Saturday, 12th September 2026, 3:16 pm

യുവരാജിന്റെ ഇന്ത്യയും ഡി വില്ലിയേഴ്‌സിന്റെ സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുന്നു, ഒപ്പം അഫ്രിദിയുടെ പാകിസ്ഥാനും; ടൂര്‍ണമെന്റിന് കളമൊരുങ്ങുന്നു

ആദർശ് എം.കെ.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ പുതിയ സീസണിനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിത്തിലേക്ക്. ഒക്ടോബര്‍ മൂന്നിന് ടൂര്‍ണമെന്റിന്റെ പുതിയ സീസണ്‍ ആരംഭിക്കും.

ഇംഗ്ലണ്ടില്‍ നടന്ന ആദ്യ രണ്ട് സീസണുകള്‍ക്ക് ശേഷം ഇതാദ്യമായി ടൂര്‍ണമെന്റ് യു.എ.ഇയിലേക്ക് എത്തുകയാണ്. ഒക്ടോബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ 18 വരെ ഷാര്‍ജ, ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഒക്ടോബര്‍ മൂന്നിന് ഷാര്‍ജ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ഇന്ത്യ ചാമ്പ്യന്‍സും ഓസ്‌ട്രേലിയ ചാമ്പ്യന്‍സും ഏറ്റുമുട്ടും. അതേദിവസം തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ബംഗ്ലാദേശ് ചാമ്പ്യന്‍സിനെയും നേരിടും.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക് ഹൈവോള്‍ട്ടേജ് മത്സരം ഒക്ടോബര്‍ പത്തിന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും ആറ് ടീമുകളാണ് മാറ്റുരച്ചത്. ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്, ഇംഗ്ലണ്ട് ചാമ്പ്യന്‍സ് എന്നിവരായിരുന്നു ടീമുകള്‍.

ബംഗ്ലാദേശ് ചാമ്പ്യന്‍സ് കൂടി എത്തിയതോടെ ടൂര്‍ണമെന്റിലെ ടീമുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ആദ്യ സീസണില്‍ ഇന്ത്യ ചാമ്പ്യന്‍സും രണ്ടാം സീസണില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സുമാണ് ജേതാക്കളായത്.

ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള മത്സരങ്ങള്‍ ഷാര്‍ജയിലും, ഒക്ടോബര്‍ ഒമ്പത് മുതല്‍ 12 വരെയുള്ള മത്സരങ്ങള്‍ ദുബായിലും നടക്കും. തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ വീണ്ടും ഷാര്‍ജയിലേക്ക് മടങ്ങിയെത്തും.

ഒക്ടോബര്‍ 16ന് സെമിഫൈനല്‍ മത്സരങ്ങളും ഒക്ടോബര്‍ 18ന് ഫൈനലും നടക്കും.

യുവരാജ് സിങ്, എ.ബി. ഡി വില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, ഷാഹിദ് അഫ്രിദി, ക്രിസ് ഗെയ്ല്‍, മോയിന്‍ അലി, മഹ്മദുള്ള എന്നിവരാണ് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍. ഇവര്‍ക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയ ഇതിഹാസങ്ങളും ഭാഗമാകുന്നു.

ഒരിക്കല്‍ സ്റ്റേഡിയങ്ങളെ ആവേശത്തിലാറാടിച്ച ഇതിഹാസങ്ങള്‍ വീണ്ടും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതാണ് ടൂര്‍ണമെന്റിന് ഇത്രത്തോളം സ്വീകാര്യത നല്‍കിയത്. ഉദ്ഘാടന സീസണില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത് ക്രിക്കറ്റ് ലീഗ് എന്ന നേട്ടവും ടൂര്‍ണമെന്റിനുണ്ടായിരുന്നു.

Content Highlight: World Championship Of Legends 2026

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more