| Saturday, 13th July 2024, 7:59 am

കൂറ്റന്‍ ജയം, കങ്കാരുക്കളെ കൊന്ന് കൊലവിളിച്ച് ഇന്ത്യ ഫൈനലിന്; തോല്‍പിച്ചവരെ തോല്‍പിച്ച് പ്രതികാരവും

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ആദ്യ എഡിഷനിലെ ഫൈനലിന് യോഗ്യത നേടി ഇന്ത്യ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം നോര്‍താംപ്ടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ 86 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. കലാശപ്പോരാട്ടത്തില്‍ ആദ്യ സെമി ജയിച്ചെത്തിയ പാകിസ്ഥാനാണ് എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ നായകന്‍ ഇന്ത്യ ചാമ്പ്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ക്കൊന്നിനാണ് ശേഷം കൗണ്ടി ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.

നാല് ഇന്ത്യന്‍ താരങ്ങള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഓപ്പണര്‍ റോബിന്‍ ഉത്തപ്പക്കും ക്യാപ്റ്റന്‍ യുവരാജ് സിങ്ങിനും പുറമെ പത്താന്‍ ബ്രദേഴ്‌സും തകര്‍ത്താടിയപ്പോള്‍ ബ്രെറ്റ് ലീ അടക്കമുള്ള ഓസീസ് ബൗളിങ് നിര എന്തുചെയ്യണമെന്നറിയാതെ വെട്ടിവിയര്‍ത്തു.

View this post on Instagram

A post shared by FanCode (@fancode)

അംബാട്ടി റായിഡുവിനെയും സുരേഷ് റെയ്‌നയെയും പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ഉത്തപ്പ-യുവി കൂട്ടുകെട്ടെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചുതുടങ്ങി. ടീം സ്‌കോര്‍ 103ല്‍ നില്‍ക്കവെയാണ് ഉത്തപ്പയെ ഇന്ത്യക്ക് നഷ്ടമായത്. 35 പന്തില്‍ 65 റണ്‍സ് നേടിയാണ് റോബിന്‍ മടങ്ങിയത്. നാല് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പവലിയനിലേക്ക് മടങ്ങിയ ഉത്തപ്പയെക്കാള്‍ അപകടകാരിയായിരുന്നു ക്രീസിലെത്തിയ യൂസുഫ് പത്താന്‍. ആദ്യം തെല്ലൊന്ന് പതറിയെങ്കിലും പിന്നീടങ്ങോട്ട് മുമ്പില്‍ കണ്ട ഓസീസ് ബൗളര്‍മാരെയെല്ലാം അടിച്ചുപറത്തി പത്താന്‍ തന്റെ സംഹാരതാണ്ഡവം ആരംഭിച്ചു.

നാലാം വിക്കറ്റില്‍ യുവി-യൂസുഫ് കൂട്ടുകെട്ട് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 157ല്‍ നില്‍ക്കവെ ക്യാപ്റ്റനെ മടക്കി പീറ്റര്‍ സിഡില്‍ ഓസ്‌ട്രേലിയക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. 28 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 59 റണ്‍സാണ് ഇന്ത്യന്‍ റണ്‍ മെഷീന്‍ അടിച്ചെടുത്തത്.

ഇതിന് പിന്നാലെ ബ്രദേഴ്‌സ് ഓഫ് ഡിസ്ട്രക്ഷന്റെ വെടിക്കെട്ടിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ഇര്‍ഫാന്‍ പത്താന്‍ ക്രീസിലെത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ കങ്കാരുവധമായിരുന്നു കൗണ്ടി ഗ്രൗണ്ടില്‍ കണ്ടത്. പടനിലത്തില്‍ അമ്പുകൊള്ളാത്തവരായി ആരുമില്ലെന്ന് പറഞ്ഞതുപോലെ പത്താന്‍മാരുടെ അടികിട്ടാത്ത ഒറ്റ ബൗളര്‍മാര്‍ പോലും ഓസ്‌ട്രേലിയന്‍ നിരയിലുണ്ടായിരുന്നില്ല.

യൂസുഫ് പത്താന്‍ 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ നേരിട്ട 18ാം പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ഇര്‍ഫാന്‍ തിളങ്ങിയത്. നാല് വീതം ഫോറും സിക്‌സറും അടക്കം 221 .74 എന്ന സ്‌ട്രൈക്ക് റേറ്റാണ് യൂസുഫിനുണ്ടായിരുന്നതെങ്കില്‍ 263.16 എന്ന അതിലും മികച്ച പ്രഹരശേഷിയില്‍ അഞ്ച് സിക്‌സറും മൂന്ന് ഫോറുമായി 50 റണ്‍സാണ് ഇര്‍ഫാന്‍ പത്താന്‍ നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 254ലെത്തി.

ഓസ്‌ട്രേലിയക്കായി പീറ്റര്‍ സീഡില്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സേവ്യര്‍ ഡൊഹെര്‍ട്ടി ഒരു വിക്കറ്റും നേടി. പന്തെറിഞ്ഞവരില്‍ ഡാനിയല്‍ ക്രിസ്റ്റ്യന് മാത്രമാണ് 10ല്‍ താഴെ എക്കോണമിയുണ്ടായിരുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ രണ്ട് റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് മടങ്ങി. ആക്രമണത്തിന് ഒട്ടും അയവ് നല്‍കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ സ്‌കോര്‍ ബോര്‍ഡില്‍ 50 തെളിയും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നിലം പൊത്തി.

പിന്നാലെയെത്തിയവരില്‍ കാല്ലം ഫെര്‍ഗൂസനും നഥാന്‍ കൂള്‍ട്ടര്‍-നൈലും വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.

ടിം പെയ്ന്‍ 32 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ കൂള്‍ട്ടര്‍-നൈല്‍ 13 പന്തില്‍ 30 റണ്‍സും ഫെര്‍ഗൂസന്‍ 19 പന്തില്‍ 23 റണ്‍സും നേടി.

ഒടുവില്‍ 20 ഓവര്‍ അവസാനിക്കുമ്പോള്‍ വിജയത്തിന് 87 റണ്‍സകലെ ഓസീസ് പോരാട്ടം അവസാനിപ്പിച്ചു. ഏഴ് വിക്കറ്റിന് 168 റണ്‍സാണ് കങ്കാരുക്കള്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരവും ഇന്ത്യ പൂര്‍ത്തിയാക്കി.

ഇന്ത്യക്കായി പവന്‍ നേഗിയും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍ഭജന്‍ സിങ്, രാഹുല്‍ ശുക്ല, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ജൂലൈ 13നാണ് ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടം. ആദ്യ സെമി വിജയിച്ചെത്തി പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് എതിരാളികള്‍.

Content highlight: World Championship of Legends 2024: India advances to final

Latest Stories

We use cookies to give you the best possible experience. Learn more