[]ജൊഹാനസ്ബര്‍ഗ്: സൗത്ത് അഫ്രിക്കന്‍ മുന്‍ പ്രസിഡന്റും ദക്ഷിണാഫ്രിക്കയിലെ ഐതിഹാസിക വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിന്റെ നായകനുമായ നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്‌കാരം ഡിസംബര്‍ 15ന് നടക്കും.
ജന്മനാടായ കുനുവില്‍ പരിപൂര്‍ണദേശീയ ബഹുമതികളോടെയാകും ശവസംസ്‌കാരച്ചടങ്ങുകളെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.
സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ സൗത്ത് ആഫ്രിക്കയിലെത്തും. ബരാക്ക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് എന്നിവര്‍ പങ്കെടുക്കുമെന്നാണ് സൂചന.
ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും സൗത്ത് ആഫ്രിക്കയിലെത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഒബാമയുടെ ക്ഷണം സ്വീകരിച്ച് ജോര്‍ജ് ബുഷും ഭാര്യ ലോറ ബുഷും പങ്കെടുക്കുന്നുണ്ട്. ബില്‍ ക്ലിന്റണും ഭാര്യ ഹിലരി ക്ലിന്റണും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആലോചിക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് ഉന്നതതലസംഘം ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ അഞ്ചുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ടേലയുടെ അന്ത്യം തലസ്ഥാനമായ ജൊഹാനസ്ബര്‍ഗിലെ വസതിയില്‍ പ്രാദേശിക സമയം രാത്രി ഒമ്പതോടെയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധമൂലം മൂന്നു മാസത്തോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ശ്വാസകോശരോഗം മൂലം മൂന്നുമാസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം സപ്തംബര്‍ മുതല്‍ വീട്ടില്‍ പ്രത്യേകപരിചരണത്തിലായിരുന്നു.
ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു വര്‍ണവിവേചനത്തിനെതിരെ പോരാടിയതിന് 27 വര്‍ഷം തടവറയില്‍ കഴിഞ്ഞ മണ്ടേല. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്തവര്‍ഗക്കാരനുമാണ്.
ട്രാന്‍സ്‌കെയിലെ ഉംതകില്‍ തെംബു ഗോത്രത്തലവന്റെ പുത്രനായി 1918ലാണ് നെല്‍സണ്‍ രോലിഹ് ലാല മണ്ടേലയുടെ ജനനം.