| Wednesday, 1st October 2025, 7:33 am

കട്ടപ്പനയില്‍ ഓടയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചു; ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി മന്ത്രി റോഷി അഗസ്റ്റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കട്ടപ്പനയില്‍ ഓടയില്‍ കുടുങ്ങി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി മന്ത്രി റോഷി അഗസ്റ്റിന്‍. സംഭവത്തില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

ഇന്നലെ (ചൊവ്വ) രാത്രി 10 മണിയോടെയാണ് മൂന്ന് തൊഴിലാളികള്‍ മാലിന്യ ടാങ്കില്‍ കുടുങ്ങിയത്. കട്ടപ്പന പാറക്കടവിലെ ഓറഞ്ച് എന്ന ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

ഒന്നര മണിക്കൂറുകള്‍ക്ക് ശേഷം മൂവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്നാട് കമ്പം സ്വദേശിയായ ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഒരാളെ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിലേക്കും മറ്റു രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് എത്തിച്ചത്. ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെയാണ് മറ്റു രണ്ട് പേര്‍ മാലിന്യ ടാങ്കിലേക്ക് ഇറങ്ങിയത്. പിന്നീട് മൂവരും ടാങ്കില്‍ കുടുങ്ങുകയായിരുന്നു.

പിന്നാലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ടാങ്കിലെ ഓക്‌സിജന്റെ അഭാവമാണ് അപകടത്തിന് കാരണമായത്.

അതേസമയം രാജ്യത്തെ മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളില്‍ 67 ശതമാനത്തിലധികം പേരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണ്. 15.73 ശതമാനം തൊഴിലാളികള്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളവരും 8.31 ശതമാനം പട്ടികവര്‍ഗത്തില്‍ നിന്നുള്ളവരുമാണ്. 8.05 ശതമാനം ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരും.

2024 ഡിസംബറില്‍ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ ലോക്സഭയിൽ സമര്‍പ്പിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം, നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ ഇക്കോസിസ്റ്റം പദ്ധതിയുടെ കീഴിലുള്ള 54,574 മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളില്‍ 37,060 പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്.

Content Highlight: Workers trapped in a drain in Kattappana die; Minister Roshi Augustine seeks report from the District Collector

We use cookies to give you the best possible experience. Learn more