| Thursday, 8th October 2015, 12:35 pm

വയനാട്ടില്‍ തേയിലത്തൊഴിലാളി സമരം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട്ടില്‍ ഹാരിസണ്‍ മലയാളം തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോയിരുന്ന സമരം ഇപ്പോള്‍ ട്രേഡ് യൂണിയനുകളെ മറികടന്ന് തൊഴിലാളികള്‍ തന്നെ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്കെത്തിയിരിക്കുകയാണ്.

സാധാരണപോലെ 11 മണിക്ക് സമരം ഇന്നത്തെ സമരം അവസാനിപ്പിച്ച് മടങ്ങാനുള്ള ട്രേഡ് യൂണിയന്‍ നിര്‍ദേശം അവഗണിച്ച് തൊഴിലാളികള്‍ സമരരംഗത്തു തുടര്‍ന്നു. ഇതോടെ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ ട്രേഡ് യൂണിയനുകളും നിര്‍ബന്ധിതരാക്കി.

വയനാട് ചുണ്ടയില്‍ നടന്ന സമരം 2 മണിവരെ നീണ്ടു. കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് സമരക്കാര്‍ ഉപരോധിച്ചതോടെ ഗതാഗതം പൂര്‍ണ്ണായും തടസ്സപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ ഇടപെട്ടാണ് 2 മണിയോടെ ഉപരോധം അവസാനിപ്പിച്ച് സമരക്കാര്‍ പിരിഞ്ഞുപോയത്.

20% ബോണസ് വര്‍ധനവ്, മിനിമം 500 രൂപ കൂലി, ജോലിസമയം ഏകീകരിക്കുക, എസ്‌റ്റേറ്റ് പാടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് തുടരുന്നത്.

കൂലി വര്‍ധനവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ബുധനാഴ്ച നടന്ന പി.എല്‍.സി യോഗം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച ശക്തമായ ഉപരോധസമരവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

മൂന്നാറിലും സമരം ശക്തമായി തുടരുകയാണ്. തൊഴിലാളികള്‍ റോഡ് ഉപരോധം ശക്തമാക്കിയതോടെ ഈ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. സമരത്തിനു പിന്തുണയര്‍പ്പിച്ച് വ്യാപാരികളും കടകള്‍ അടച്ചിട്ട് രംഗത്തെത്തിയിട്ടുണ്ട്.

തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സമരത്തിന്റെ ഭാഗമായി തിരിച്ചേല്‍പ്പിക്കാനാണ് തൊഴിലാളികളുടെ നീക്കം. ഈ രേഖകളുമായാണ് തൊഴിലാളികള്‍ ഇന്നു സമരരംഗത്തെത്തിയത്. ഇവ തിരിച്ചു സ്വീകരിച്ചില്ലെങ്കില്‍ കൂട്ടിയിട്ട് കത്തിക്കുമെന്നും തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പെണ്‍പിള ഒരുമൈ നടത്തുന്ന രാപ്പകല്‍ നിരാഹാര സമരം തുടരും. ഐക്യട്രേഡ് യൂണിയനുകളുടെ ആറു പ്രതിനിധികളും മേഖലയില്‍ ആറുദിവസമായി രാപ്പകല്‍ നിരാഹാരമനുഷ്ഠിക്കുന്നുണ്ട്.

കൊല്ലത്തും തോട്ടം തൊഴിലാളികളുടെ സമരം ശക്തമായി തുടരുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more