| Tuesday, 21st April 2026, 1:31 pm

നോയിഡയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലും തൊഴിലാളി സമരം: തുച്ഛമായ ശമ്പളവും 12 മണിക്കൂര്‍ തൊഴില്‍പീഡനവുമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹല്‍ദ്വാനി: നോയിഡയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ വ്യാവസായ മേഖലകളിലും തൊഴിലാളി പ്രതിഷേധം പടരുന്നു.

ബറേലി റോഡിലെ മൊത്താല്‍ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ മദര്‍സണ്‍ ഫാക്ടറിയിലെ അഞ്ഞൂറിലധികം തൊഴിലാളികളാണ് മാനേജ്മെന്റിന്റെ ചൂഷണത്തിനെതിരെ സമരവുമായി തെരുവിലിറങ്ങിയത്. തിങ്കളാഴ്ച നടന്ന പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പ്രദേശം അതീവ സംഘര്‍ഷാവസ്ഥയിലാണ്.

ഓട്ടോമൊബൈല്‍ വ്യവസായത്തിന് ആവശ്യമായ വയറിങ് ഹാര്‍നെസുകള്‍ നിര്‍മ്മിക്കുന്ന ഈ ഫാക്ടറിയില്‍ അടിമപ്പണിക്ക് സമാനമായ സാഹചര്യമാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

നിയമപരമായ 8 മണിക്കൂര്‍ ജോലിക്ക് പകരം 12 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നെന്നും എന്നാല്‍ ഇതിന് ആനുപാതികമായ വേതന വര്‍ദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

തൊഴിലാളികള്‍ പറയുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. നിശ്ചിത ടാര്‍ഗറ്റ് എത്തിക്കാന്‍ കഴിയാത്തവര്‍ക്കും ജോലിക്ക് അല്പം വൈകിയെത്തുന്നവര്‍ക്കും നേരെ സാമ്പത്തികമായ കടുത്ത നടപടികളാണ് കമ്പനി സ്വീകരിക്കുന്നത്.

‘ഞങ്ങളുടെ അടിസ്ഥാന ശമ്പളം 12,500 രൂപയാണ്. എന്നാല്‍ പലതരത്തിലുള്ള കിഴിവുകള്‍ക്ക് ശേഷം കയ്യില്‍ കിട്ടുന്നത് വെറും 10,000 മുതല്‍ 11,000 രൂപ വരെ മാത്രമാണ്. ജോലിക്ക് അല്പം വൈകി വന്നാല്‍ പോലും മാനേജ്മെന്റ് ശമ്പളം വെട്ടിക്കുറയ്ക്കും,’ ഒരു തൊഴിലാളി പറഞ്ഞു.

ജോലിത്തിരക്കിനിടയില്‍ വെള്ളം കുടിക്കാനോ ടോയ്ലറ്റില്‍ പോകാനോ പോലും തൊഴിലാളികള്‍ക്ക് അനുവാദമില്ലെന്ന് വനിതാ ജീവനക്കാര്‍ വെളിപ്പെടുത്തി. ഇത്തരം അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഇടവേള എടുക്കുന്നവരെ ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കുന്നതായും പരാതിയുണ്ട്.

കഠിനമായ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഫാക്ടറി കാന്റീനില്‍ നല്‍കുന്നത് മനുഷ്യര്‍ക്ക് കഴിക്കാന്‍ യോഗ്യമല്ലാത്ത ഭക്ഷണമാണെന്നും സമരക്കാര്‍ പറയുന്നു.

‘പലപ്പോഴും വേവിക്കാത്ത അരിയും വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത ഭക്ഷണവുമാണ് വിളമ്പുന്നത്. ഭക്ഷണത്തില്‍ കീടങ്ങളെയും പുഴുക്കളെയും കണ്ടെത്തുന്നത് നിത്യസംഭവമാണ്. വിശപ്പടക്കാന്‍ പോലും വഴിയില്ലാതെ ഈ ഭക്ഷണം കഴിക്കേണ്ടി വരുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്,’ തൊഴിലാളികള്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ പ്രതിമാസ വേതനം 20,000 രൂപയായി ഉയര്‍ത്തണമെന്നും അനാവശ്യമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ഫാക്ടറി ഗേറ്റിന് മുന്നില്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. പ്രതിഷേധത്തെ പിന്തുണച്ച് യുവ നേതാക്കള്‍ എത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ബലപ്രയോഗം നടത്തി. നിലവില്‍ ഹാല്‍ഡിചൗര്‍ ഔട്ട്പോസ്റ്റ് ഇന്‍-ചാര്‍ജ് ശങ്കര്‍ സിങ് നയാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഭവം അറിഞ്ഞ് പ്രാദേശിക എം.എല്‍.എ മോഹന്‍ സിങ് ബിഷ്ത് ഫാക്ടറി സന്ദര്‍ശിച്ചു. അദ്ദേഹം തൊഴിലാളികളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടതായും ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

എന്നാല്‍, ഗതാഗത സൗകര്യങ്ങളിലെ അപര്യാപ്തതയും ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ മോശം പെരുമാറ്റവും മാറുന്നത് വരെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികള്‍.

കമ്പനി നല്‍കുന്ന ഗതാഗത സൗകര്യം തീരെ സുരക്ഷിതമല്ല. ബസുകളുടെ അറ്റകുറ്റപ്പണികളും ഡ്രൈവര്‍മാരുടെ മര്യാദയില്ലാത്ത പെരുമാറ്റവും യാത്ര അപകടത്തിലാക്കുന്നുവെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോയിഡയിലെ ഫാക്ടറി തൊഴിലാളികള്‍ നടത്തിയ അക്രമാസക്തമായ സമരത്തിന് പിന്നാലെ ഹല്‍ദ്വാനിയിലും പ്രതിഷേധം കത്തുന്നത് ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

Content Highlight: Workers’ protest over wages in Haldwani turns tense; police use mild force after scuffle

We use cookies to give you the best possible experience. Learn more