പത്തനംതിട്ട: അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ താത്കാലിക ജോലിക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമര സമിതി. ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയത് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥർ നിഷേധാത്മക നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു രംഗത്തെത്തി.
ജില്ലാ ഫോറസ്റ്റ് ഓഫീസറും സംയുക്ത ട്രേഡ് യൂണിയനും തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടുകൂടിയാണ് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് തൊഴിലാളികൾ തീരുമാനിച്ചത്. കഴിഞ്ഞ ആറ് ദിവസമായി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അടവി ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തനരഹിതമാണ്.
കോന്നി ആനക്കൂട്ടിൽ നടന്ന അപകടത്തിന് ശേഷം വനം വകുപ്പ് ഇറക്കിയ സർക്കുലറിലാണ് 60 വയസ് കഴിഞ്ഞ തൊഴിലാളികളെ പിരിച്ച് വിടാൻ തീരുമാനിച്ചത്. ഒരു ആനുകൂല്യങ്ങളും നൽകാതെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെയാണ് ദിവസ വേതനക്കാരായ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.
തൊഴിലാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു എത്തി. തൊഴിലാളികളെ നിയമിക്കുമ്പോൾ ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകില്ലെന്നോ പൊടുന്നനെയുള്ള പിരിച്ചുവിടൽ നേരിടേണ്ടി വരുമെന്നോ അറിയിച്ചിരുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
41 താത്കാലിക ജീവനക്കാരാണ് അടവി ഇക്കോ ടൂറിസ കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്. തുഴച്ചിൽ തൊഴിലാളികളെയാണ് നിലവിൽ പിരിച്ചുവിടാൻ തീരുമാനിച്ചതെങ്കിലും പുതിയ പരിഷ്‌ക്കാരങ്ങൾ എല്ലാ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. പത്തും പതിനഞ്ചും വർഷമായി ഇവിടെ ജോലി ചെയ്യുന്നവരാണ് താത്കാലിക ജീവനക്കാരിൽ മിക്കവരും.
മുൻകൂട്ടി അറിയിക്കുക പോലും ചെയ്യാതെയാണ് ഇവരെ പിരിച്ചുവിടാൻ തീരുമാനമെടുത്തതെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.
Content Highlight: Workers protest over dismissal of temporary workers at Adavi Eco-Tourism Center