| Sunday, 11th May 2025, 9:15 am

ആലപ്പാട് കനാൽ വൃത്തിയാക്കുന്നതിനിടെ ജെ.സി.ബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പാട്: ആലപ്പാട് പള്ളിപ്പുറം പാട ശേഖരത്തിൽ കനാൽ വൃത്തിയാക്കുന്നതിനിടെ ജെ.സി.ബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി. കർണാടക സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്ററെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്.

പാടശേഖരത്തിലെ കനാലിലെ വേസ്റ്റ് നീക്കം ചെയ്യുന്നതിനായി ജങ്കാറിന് മുകളിൽ ഹിറ്റാച്ചി ജെ.സി.ബി ഫിറ്റ് ചെയ്ത് ജോലി ചെയ്യുകയായിരുന്നു.

ഇതിനിടെ ജങ്കാറിൽ നിന്നും ഹിറ്റാച്ചി തലകീഴായി മറിഞ്ഞ് തൊഴിലാളി അടിയിൽ കുടുങ്ങുകയായിരുന്നു. തൊഴിലാളിയെ കണ്ടെത്താൻ ഫയർ ഫോഴ്സ് എത്തി ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.

കഴിഞ്ഞ വർഷം തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണത്തിനിടെ തിരുവനന്തപുരം സ്വദേശി ജോയ് മുങ്ങി മരിച്ചിരുന്നു. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നായിരുന്നു ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ രണ്ട് ദിവസം മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Content Highlight: Worker goes missing after JCB overturns while cleaning Alappad canal

Latest Stories

We use cookies to give you the best possible experience. Learn more