| Wednesday, 3rd December 2025, 2:17 pm

ജോലി ചെയ്യുക, ജോലി ചെയ്യുക; 2025 ലെ ക്യാച്ച്‌ഫ്രേസ് ഓഫ് ദി ഇയർ അവാർഡ് സനായെ തകായ്ച്ചിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: ഈ വർഷത്തെ ആകർഷകമായ പദപ്രയോഗമായി തെരഞ്ഞെടുക്കപ്പെട്ട് ജപ്പാൻ പ്രധാനമന്ത്രി സനായെ തകായ്ച്ചിയുടെ വാക്കുകൾ. രാജ്യത്തിന് വേണ്ടി ‘ജോലിചെയ്യും ജോലിചെയ്യും ജോലിചെയ്യും’ എന്ന സനായെ തകായ്ച്ചിയുടെ പ്രസ്താവനയ്ക്കാണ് ഈ വർഷത്തെ മികച്ച സ്വീകാര്യത ലഭിച്ചത്.

ഇതിന്റെ ഭാഗമായി 2025 ലെ ക്യാച്ച്‌ഫ്രേസ് ഓഫ് ദി ഇയർ അവാർഡ് സനായെ തകായ്ച്ചി സ്വന്തമാക്കിയെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഒക്ടോബറിൽ അധികാരമേൽക്കുന്നതിന് മുമ്പായിരുന്നു സനായെ തകായ്ച്ചി തന്റെ പ്രസംഗത്തിൽ ഈ വാക്കുകൾ പറഞ്ഞിരുന്നത്.

കുതിരയെപ്പോലെ പ്രവർത്തിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും സ്വന്തം ജീവിതത്തിൽ വർക്ക് ലൈഫ് ബാലൻസ് എന്ന ആശയം ഉപേക്ഷിക്കുന്നുവെന്നും സനായെ തകായ്ച്ചി പറഞ്ഞു.

‘എല്ലാവരും ഒരു വർക്ക്ഹോഴ്സിനെ പോലെ ജോലിചെയ്യും. ഞാൻ ‘വർക്ക് ലൈഫ് ബാലൻസ്’ എന്ന ആശയം ഉപേക്ഷിക്കും,’ അവർ പറഞ്ഞു.

ലിബറൽ ഡെമോക്രറ്റിക് പാർട്ടി എം.പിമാരോട് തന്റെ മാതൃക പിന്തുടരാൻ ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് കരോഷി സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുമെന്നടക്കമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

‘അമിതാധ്വാനത്തിലൂടെയുള്ള മരണം’ എന്നർത്ഥം വരുന്ന കരോഷി സിൻഡ്രോം എന്ന പ്രതിഭാസത്തിലൂടെ നിരവധി മരണങ്ങൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിമർശകർ ഉന്നയിച്ചിരുന്നു.

വർക്ക് ലൈഫ് ബാലൻസ് ഉപേക്ഷിക്കുമെന്ന പ്രസ്താവന ഒരു പുണ്യമായി കാണുന്നതും അമിത ജോലിക്ക് പ്രോത്സാഹനം നൽകുന്നതുമായ പഴയ കോർപ്പറേറ്റ് സംസ്‌കാരത്തെയാണ് ഇത് തിരികെ കൊണ്ടുവരുന്നതെന്ന് വിമർശകർ പറഞ്ഞിരുന്നു.

എന്നാൽ തന്റെ അഭിപ്രായങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് സനായെ തകായ്ച്ചി പറഞ്ഞിരുന്നു. ആളുകളെ അമിതമായി ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കാനോ ദീർഘനേരം ജോലി ചെയ്യുന്നത് പുണ്യമാണെന്ന് സൂചിപ്പിക്കാനോ അല്ല താൻ ഉദ്ദേശിച്ചിരുന്നതെന്ന് അവർ കൂട്ടിച്ചേർത്തിരുന്നു.

ഫലപ്രദമായ നേതാവാകാനുള്ള തന്റെ ദൃഢ നിശ്ചയത്തിൽനിന്നും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക എന്ന ശക്തമായ ആഗ്രഹത്തിൽ നിന്നുമാണ് തന്റെ ഈ പരാമർശം ഉണ്ടായതെന്ന് ടോക്കിയോയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ സനായെ തകായ്ച്ചി പറഞ്ഞിരുന്നു.

Content Highlight: Work, work; 2025 Catchphrase of the Year Award goes to Sanae Takaichi

We use cookies to give you the best possible experience. Learn more