| Tuesday, 21st May 2019, 11:04 pm

കാരണം കാണിക്കല്‍ മറിച്ചു പോലും നോക്കില്ല; നോട്ടീസ് അയച്ചത് കെ.സി വേണുഗോപാലിന്റേയും സിദ്ധരാമയ്യയുടേയും ഉത്തരവ് അനുസരിച്ച്: റോഷന്‍ ബെയ്ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ തനിക്ക് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് മറിച്ചു പോലും നോക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്.

‘കെ.പി.സി.സി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് എനിക്ക് ലഭിച്ചു. എന്നാല്‍ അത് വായിക്കാന്‍ പോലും ഞാന്‍ മെനക്കെടില്ല, കാരണം ഞാന്‍ ആരുടെ കഴിവില്ലായ്മയെക്കുറിച്ചാണോ തുറന്ന് സംസാരിച്ചത്, അവരുടെ ഉത്തരവ് പ്രകാരം തന്നെയാണ് ഇത് അയച്ചിരിക്കുന്നത്’- റോഷന്‍ പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

റോഷന്‍ ബെയ്ഗിന്റെ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അവസരവാദ രാഷ്ട്രീയമാണ് അദ്ദേഹം ഇപ്പോള്‍ പയറ്റുന്നതെന്നുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞിരുന്നു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയും കെ.പി.സി.സി അധ്യക്ഷന്‍ ഗുണ്ടു റാവുവിനെതിരുമായിരുന്നു റോഷന്‍ ബെയ്ഗ് രംഗത്തെത്തിയത്.

കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന്‍ ബെയ്ഗ് പറഞ്ഞത്. ‘ എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്‌ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”- എന്നായിരുന്നു റോഷന്‍ പ്രതികരിച്ചത്.

സീറ്റ് വിഭജനം മുതലുള്ള എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പൂര്‍ണ പരാജയമായിരുന്നെന്നും തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാര്‍ നേതൃനിരയിലുള്ളവര്‍ തന്നെയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

” ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റ് പോലും കൊടുത്തില്ല. മുസ്ലീം വിഭാഗത്തിന് ഒരു സീറ്റാണ് നല്‍കിയത്. അവരെ പൂര്‍ണമായും അവഗണിച്ചു. ഇതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇനിയും അപമാനിതനായി പാര്‍ട്ടിയില്‍ തുടരാനാവില്ല”- എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കര്‍ണാടകത്തില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോള്‍. യു.പി.എ 3 മുതല്‍ 6 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും മറ്റുള്ളവര്‍ 1 വരെ സീറ്റുകളാണ് നേടുകയെന്നും സര്‍വേ പ്രവചിച്ചിരുന്നു.

ആകെ ലോകസഭാ 28 സീറ്റുകളാണ് കര്‍ണാടകത്തിലുള്ളത്. കോണ്‍ഗ്രസ്സിന് കാര്യമായൊന്നും ഇത്തവണ ചെയ്യാനാകില്ലെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയില്‍ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more