| Monday, 21st January 2019, 2:21 pm

ഖനി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മേഘാലയില്‍ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് മേഘാലയ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ കിഴക്കന്‍ ജയന്തിയ ഹില്‍സിലുള്ള ഖനിയില്‍ ഡിസംബര്‍ 13നാണ് 15 തൊഴിലാളികള്‍ അകപ്പെട്ടു പോയത്.

നിലവില്‍ ദേശീയ ദുരന്ത നിവാരണസേനയും ഒഡീഷ അഗ്നിശമന സേനയും നേവിയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ച തൊഴിലാളികളിലൊരാളുടെ മൃതദേഹം വെള്ളത്തിനടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

അതേസമയം കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നേവി ഇന്ന് അവസാനിപ്പിച്ചിട്ടുണ്ട്. 160 അടി താഴ്ചയില്‍ കിടക്കുന്ന മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കഷ്ണങ്ങളായി പോകുന്നതാണ് ശ്രമം ഉപേക്ഷിക്കാന്‍ കാരണം.

ഖനിയ്ക്ക് പുറത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തൊഴിലാളികളുടെ കുടുംബാംഗങ്ങളും 35 ദിവസമായി കാത്തിരിക്കുകയാണ്. ജീവനോടെ തിരിച്ചുകിട്ടില്ലെങ്കിലും ഉറ്റവരുടെ മൃതദേഹങ്ങളെങ്കിലും തിരിച്ചെടുത്ത് തരണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ഡിസംബര്‍ 26ന് ശേഷം 2 കോടിലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടെങ്കിലും ഖനിയില്‍ ജലനിരപ്പ് കുറയാത്ത സ്ഥിതിയാണുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more