വാഷിങ്ടണ്‍: ലോകത്ത് നാലിലൊന്ന് രാജ്യങ്ങളിലും സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും കുടുംബാസൂത്രണത്തിലുമെല്ലാം ചില പുരോഗതികളുണ്ടായിട്ടും ഓരോ പത്ത് മിനുട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നും ലിംഗവിവേചനം സമ്പദ് വ്യവസ്ഥകളിലും സമൂഹങ്ങളിലും ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ യു.എന്‍ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ 30 വര്‍ഷങ്ങളിലായുള്ള സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അവലോകനം ചെയ്യുന്നത്.
ലിംഗസമത്വം പൂര്‍ത്തിയായിട്ടില്ലെന്നും ഇത് അഭിസംബോധന ചെയ്യാനായി ബീജിങ് പ്ലസ് 30 എന്ന ആക്ഷന്‍ പ്ലാനും യു.എന്‍ വനിതകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2022 മുതല്‍ ലൈംഗികാതിക്രമകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 50 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും വനിതകള്‍ പറയുന്നു.
ലിംഗസമത്വത്തിനായി ആഗോള തല ഫ്രേംവര്‍ക്കായ 1995ലെ ബീജിങ് ഡിക്ലറേഷനും പ്ലാറ്റ്‌ഫോം ഫോര്‍ ആക്ഷനും ഉണ്ടായിട്ടും സ്ത്രീകളുടെ നേര്‍ക്കുള്ള വിവേചനം തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയൊക്കെ ഉണ്ടായിട്ടും നിയമ പരിരക്ഷകള്‍ ദുര്‍ബലമാണെന്നും ലിംഗ കേന്ദ്രീകൃത പരിപാടികള്‍ക്കായുള്ള സ്രോതസുകള്‍ കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുല്യ അവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന് പകരം പലയിടത്തും സ്ത്രീ വിരുദ്ധത മുഖ്യധാരയിലേക്ക് കൊണ്ടുവന്നുവെന്നും ആശങ്കാജനകമായ കാര്യങ്ങളാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളും പെണ്‍കുട്ടികളും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മാത്രമേ സമൂഹത്തില്‍ അഭിവൃദ്ധി ഉണ്ടാവുകയുള്ളൂവെന്നും എന്നാല്‍ ഈ ആഗോളതലത്തില്‍ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ആക്രമണത്തിന് വിധേയമാവുകയാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. തുല്യാവകാശങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പകരം സ്ത്രീ വിരുദ്ധതയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Women’s rights are violated in a quarter of the world’s countries: UN report