| Saturday, 1st March 2025, 9:36 am

ജുഡീഷ്യറിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ശാരീര-മാനസിക വെല്ലുവിളികള്‍ പരിഗണിക്കാതെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാവില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജുഡീഷ്യറിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ശാരീര-മാനസിക വെല്ലുവിളികള്‍ പരിഗണിക്കാത്താപക്ഷം ഈ മേഖലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാവില്ലെന്ന് സുപ്രീം കോടതി. പരിശീലന കാലയളവില്‍ ജോലിയില്‍ മികവ് പുലര്‍ത്തിയില്ലെന്ന് കാണിച്ച് മധ്യപ്രദേശിലെ രണ്ട് വനിതാ ജഡ്ജിമാരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ അനുകമ്പയോടെ നോക്കിക്കാണണമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍.കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് പിരിച്ചുവിട്ട വനിതാ ജീവനക്കാരെ 15 ദിവസത്തിനകം സീനിയോററ്റിയോട് തിരിച്ച് എടുക്കണമെന്നും മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പരിശീലനകാലയളവില്‍ മോശം പ്രകടനം കാഴ്ച്ചവെച്ചെന്നാരോപിച്ചാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ആറ് ജഡ്ജിമാരെ പിരിച്ചുവിട്ടത്. തുടര്‍ന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.

ഇതോടെ മധ്യപ്രദേശ് ഹൈക്കോടതി 2024 ഓഗസ്റ്റ് ഒന്നിന് ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പുനഃപരിശോധിക്കുകയും ജ്യോതി വര്‍ക്കഡെ, സുശ്രീ സോനാക്ഷി ജോഷി, സുശ്രീ പ്രിയ ശര്‍മ്മ, രചന അതുല്‍ക്കര്‍ ജോഷി എന്നീ നാല് ഉദ്യോഗസ്ഥരെ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ മറ്റ് രണ്ട് ജഡ്ജിമാരായ അദിതി കുമാര്‍ ശര്‍മ, സരിത ചൗധരി എന്നിവരെ തിരിച്ചെടുത്തില്ല. ഇവരില്‍ ഒരാള്‍ പ്രൊബേഷന്‍ കാലയളവിലാണ് വിവാഹിതയായത്. പിന്നീട് ഇവര്‍ക്ക് കോവിഡ് ബാധിക്കുകയും ഗര്‍ഭം അലസിപ്പോവുകയും അവരുടെ സഹോദരന് കാന്‍സര്‍ ബാധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വനിതാ ജഡ്ജിയുടെ ഈ വിഷമതകള്‍ ഒന്നും പരിഗണിക്കാതെയാണ് പിരിച്ചുവിട്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പുറത്താക്കപ്പെട്ട രണ്ടാമത്തെ ജഡ്ജിക്ക് അവരുടെ ഭാഗം പറയാനുള്ള അവസരം നിഷേധിച്ചു. അതിനാല്‍ പിരിച്ചുവിടല്‍ ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ ബെഞ്ച് കണ്ടെത്തി.

മുമ്പ് ഈ കേസ് പരിഗണിക്കവെ പുരുഷന്‍മാര്‍ക്ക് ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ സ്ത്രീകളുടെ വേദന മനസിലാകുമായിരുന്നെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അഭിപ്രായപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന ശാാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ മനസിലാകണമെങ്കില്‍ പുരുഷന്മാരും അതിലൂടെ കടന്ന് പോകണമെന്നാണ് അന്ന് ജസ്റ്റിസ്  നാഗരത്ന പറഞ്ഞത്.

Content Highlight: Women’s representation cannot be ensured without considering physical and mental challenges of women working in judiciary says Supreme Court

We use cookies to give you the best possible experience. Learn more