| Saturday, 28th June 2025, 1:00 pm

ഫാത്തിമ തഹ്‌ലിയയെ പിന്തുണക്കാതെ സ്വരാജിനെ അഭിനന്ദിച്ചു; വനിത ലീഗ് സംസ്ഥാന നേതാവിനെതിരെ സൈബര്‍ അധിക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നേടിയ സി.പി.ഐ.എം നേതാവ് എം. സ്വരാജിനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വനിത ലീഗ് നേതാവിനെതിരെ സൈബര്‍ ആക്രമണം. സ്വരാജിനെ അഭനന്ദിച്ചുകൊണ്ട് പോസ്റ്റിട്ട വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസിനെതിരെയാണ് ലീഗ് അനുകൂലികളില്‍ നിന്നടക്കം വലിയ രീതിയിലുള്ള അധിക്ഷേപം നേരിട്ടത്.

രാഷ്ട്രീയമായി രണ്ട് പാര്‍ട്ടിയില്‍ ആണെങ്കിലും നല്ല വ്യക്തി ബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയക്കാരനാണ് എം.സ്വരാജെന്നും അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിരുന്നെന്നും പുസ്തകം പ്രചോദനകരമാണെന്നും ഷാഹിന ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ പുരസ്‌കാരങ്ങള്‍ നേടിയ സ്വരാജിനെ ഷാഹിന അഭിനന്ദിക്കുകയും ചെയ്തു. ഇതാണ് ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചത്.

‘അദ്ദേഹത്തിന്റെ ‘പൂക്കളുടെ പുസ്തകം’ വായിച്ചു. പൂവിന് മുന്നില്‍ മൃദുല ഹൃദയനായി പൂക്കള്‍ക്ക് പിറകെ ജിജ്ഞാസയോടെ നടക്കുന്ന ഒരു കുട്ടിയെ പോലെ എഴുത്തുകാരനെ ഇതില്‍ കാണാന്‍ കഴിയും. ചീനാര്‍ മരങ്ങളെപ്പറ്റി പറഞ്ഞു കൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്.

മുഗള്‍ ഭരണകാലം ചീനാര്‍ മരങ്ങളുടെ സുവര്‍ണ കാലമായിരുന്നു.പൂക്കളുടെ പുസ്തകം ഒരു പ്രചോദനമാണ്.രാഷ്ട്രീയം ഏതാണെങ്കിലും പൂക്കളെയും പുസ്തകങ്ങളെയും പിന്തുടരുന്നതില്‍ തെറ്റൊന്നുമില്ലല്ലോ,’ ഷാഹിനയുടെ കുറിപ്പില്‍ പറയുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വരാജിന്റെ പരാജയവുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടിയായ ഫാത്തിമ തഹ്‌ലിയ പങ്കുവെച്ച പോസ്റ്റിനെതിരെ ഇടത് ഹാന്‍ഡിലുകളില്‍ നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ തഹ്‌ലിയയെ പിന്തുണയ്ക്കാതെ സ്വരാജിനെ അഭിനന്ദിച്ചതിനാണ് ഷാഹിനയ്‌ക്കെതിരെ ലീഗ് അനുകൂലികള്‍ തിരിഞ്ഞത്. സ്വരാജിനെ സംഘാവ് എന്ന് വിമര്‍ശിച്ചതിനായിരുന്നു ഫാത്തിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

നിങ്ങള്‍ ഈ വെളുപ്പിച്ച സ്വരാജിനെ വിമര്‍ശിച്ചു എന്ന പേരില്‍ താങ്കളുടെ സഹപ്രവര്‍ത്തകയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടിയുമായ ഫാത്തിമ തഹ്ലിയ കേട്ടാല്‍ അറക്കുന്ന രീതിയില്‍ ഉള്ള സോഷ്യല്‍ മീഡിയ ആക്രമണമാണ് സി.പി.ഐ.എം സൈബര്‍ ഗുണ്ടകളുടെ ഭാഗത്ത് നിന്ന് നേരിടുന്നതെന്നും ഈ സമയത്ത് തന്നെ അഭിനന്ദന പോസ്റ്റിടാന്‍ കാണിച്ച മനസിന് നല്ല നമസ്‌ക്കാരമെന്നുമാണ് ഒരാള്‍ കമ്മന്റിട്ടത്.

ദുരന്തം ആണല്ലോ, എന്ത് ഉണ്ടായിട്ട് എന്താ അന്തം ഇല്ലെങ്കില്‍ ലെ, ഫാത്തിമ തഹ്‌ലിയക്ക് അവിടെ സഖാക്കളുടെ ആക്രമണം ഇവിടെ ഒരുത്തി സംഘാവിനെ പുകഴ്ത്തി പോസ്റ്റിടുന്നു കൊള്ളാം എന്ന് കമന്റ് ചെയ്തവരുമുണ്ട്.

സ്വരാജിനെ വിമര്‍ശിച്ചതിന് ഫാത്തിമ തഹ്‌ലിയയെ സൈബര്‍ അന്തങ്ങള്‍ പുഴുത്ത് നാറുന്ന വാക്കുകള്‍ കൊണ്ട് ആക്രമിച്ച് കൊണ്ടിരിക്കുമ്പോള്‍, അതേ സ്വരാജിനെ എന്തിന്റെ പേരിലായാല്‍ പോലും പ്രകീര്‍ത്തിച്ച് പോസ്റ്റിടുന്നതിന്ന് പിന്നില്‍ എന്താണെന്ന് ഈ പോസ്റ്റ് കാണുന്ന ഒരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും മനസിലാക്കട്ടെ. കുയ്ന്തില്‍ മുളച്ച പോസ്റ്റ് എന്നു പറയാവുന്ന തലത്തിലായി പോയി. കഷ്ടം എന്നിങ്ങനെ കമന്റ് ചെയ്തവരുമുണ്ട്.

Content Highlight: Women’s League state leader gets cyber abuse for praising Swaraj without supporting Fatima Tahlia

We use cookies to give you the best possible experience. Learn more