| Saturday, 23rd August 2025, 5:23 pm

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍.

രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്ന ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന ആരോപണങ്ങളില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊച്ചിയില്‍ ലഭിച്ച പരാതി സംബന്ധിച്ചും കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി റിപ്പോര്‍ട്ട് തേടി. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തെ രാഹുലിനെതിരെ ഓഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ നിലപാട്. എന്നാല്‍ തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്നതോടെ നടപടിയെടുക്കുകയായിരുന്നു.

ഇന്ന് (ശനി) രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം ഉയരുന്നത്. വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ശബ്ദരേഖയാണ് ഇന്ന് പുറത്തുവന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയാനും തനിക്കാവുമെന്ന് ഓഡിയോയില്‍ രാഹുല്‍ പറയുന്നുണ്ട്.

ഗര്‍ഭാവസ്ഥ താന്‍ എങ്ങനെയെങ്കിലും മാനേജ് ചെയ്‌തോളാമെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ അത് എങ്ങനെ മാനേജ് ചെയ്യും, അത് പറയ് എന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ തെറി വിളിക്കുകയും ചെയ്യുന്നുണ്ട്.

തന്നോട് ഏറ്റെടുക്കാന്‍ പറഞ്ഞോ, തന്നെ ഇത് എഫക്ട് ചെയ്യാന്‍ പോകുന്നില്ലെന്ന് പെണ്‍കുട്ടി വീണ്ടും പറയുമ്പോള്‍ നിന്നെ ബാധിക്കുന്നതുകൊണ്ടല്ല, എന്റെ ലൈഫാണ് ഇല്ലാതാകുന്നത് എന്നാണ് രാഹുല്‍ പറയുന്നത്. തന്റെ അനുവാദം ഇല്ലാതെ എങ്ങനെ ഗര്‍ഭം അലസിപ്പിക്കാന്‍ പറ്റുമെന്നും പെണ്‍കുട്ടി ചോദിക്കുന്നുണ്ട്.

വ്യാഴാഴ്ചയും രാഹുലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന മറ്റൊരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. വിവിധ മാധ്യമങ്ങളാണ് ശബ്ദരേഖ പുറത്തുവിട്ടത്. ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് യുവതി പറയുമ്പോള്‍ ‘തന്തയില്ലാത്ത കൊച്ചിനെ വളര്‍ത്താനാണോ ഉദ്ദേശം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും എന്ന ചോദ്യത്തിന് തന്നെ ചൂണ്ടിക്കാണിക്കും എന്ന് യുവതി മറുപടിയും നല്‍കുന്നുണ്ട്. ഇതിനുപിന്നാലെ രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.

Content Highlight: Women’s Commission files case against Rahul mamkootathil

We use cookies to give you the best possible experience. Learn more