| Saturday, 5th September 2026, 7:22 pm

ഏഴില്‍ ആറ് തവണയും വിജയം; ഒന്നാം സ്ഥാനത്തിനുള്ള പെരുംപോരിന് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

ആദർശ് എം.കെ.

വനിതാ ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി ഇന്ത്യയിറങ്ങുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ് കോങ്ങിനെയും തായ്‌ലാന്‍ഡിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയുറപ്പിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാല്‍, തോല്‍വിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ ഇന്ത്യയ്ക്ക് സെമി ഫൈനലിനിറങ്ങാം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇത് രണ്ടാം മത്സരത്തിനാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സെപ്റ്റംബര്‍ ഒന്നിന് തായ്‌ലാന്‍ഡിനെതിരെയാണ് പാകിസ്ഥാന്‍ ആദ്യ മത്സരം കളിച്ചത്. മത്സരത്തില്‍ 35 റണ്‍സിന് ഫാത്തിമ സനയും സംഘവും ജയിച്ചുകയറുകയായിരുന്നു.

വനിതാ ടി-20യില്‍ ഇത് 18ാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ഇതില്‍ 14 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ജയിക്കാന്‍ സാധിച്ചത്.

ഏഷ്യാ കപ്പില്‍ നേര്‍ക്കു നേര്‍ വന്നപ്പോളും ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ഏഴില്‍ ആറ് ജയം.

ഇത്തവണയും പാകിസ്ഥാനെതിരെയുള്ള ഡോമിനേഷന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ മികച്ച ഫോം തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ഹോങ് കോങ്ങിനെതിരെ സെഞ്ച്വറിയടിച്ചാണ് താരം തിളങ്ങിയത്.

സ്മൃതി മന്ഥാന

ഇതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ വനിതാ താരം, ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സടിച്ച വനിതാ താരം എന്നീ നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാനതിരെയും മന്ഥാന മാജിക്കിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ദീപ്തി ശര്‍മ, ഷെഫാലി വര്‍മ എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ഭാരതി ഫുല്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജി. കമലിനി (വിക്കറ്റ് കീപ്പര്‍), പ്രതീക റാവല്‍, ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പ്രേമ റാവത്ത്, രാധ യാദവ്, ശ്രീ ചാരണി, രേണുക സിങ്, നന്ദിനി ശര്‍മ, ക്രാന്തി ഗൗഡ്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ഫാത്തിമ സന (ക്യാപ്റ്റന്‍), ആയിഷ സഫര്‍, ഇമാന്‍ നസീര്‍, എയ്മന്‍ ഫാത്തിമ, ഗുല്‍ ഫെറോസ (വിക്കറ്റ് കീപ്പര്‍), മോമിന റിയാസത്ത്, മുനീബ അലി (വിക്കറ്റ് കീപ്പര്‍), നജീഹ അല്‍വി, നഷ്‌റ സന്ധു, സാദിയ ഇക്ബാല്‍, സൈറ ജബീന്‍, ഷവാല്‍ സുല്‍ഫിഖര്‍, തൂബ ഹസന്‍, ഉമ്മെ ഹാനി, വാഹിദ അക്തര്‍.

Content  highlight: Women’s Asia Cup: IND W vs PAK W

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more