| Sunday, 28th July 2024, 6:28 pm

അര്‍ഹിച്ച വിജയം, ഇന്ത്യയെ തോല്‍പിച്ച് കപ്പുയര്‍ത്തി ശ്രീലങ്ക; അഞ്ച് ഫൈനല്‍ തോറ്റെങ്കിലും ആറാം തവണ പുഞ്ചിരി

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏഷ്യാ കപ്പ് ഫൈനലിലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക. റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ അനുഭവ സമ്പത്തിന്റെ കരുത്തിലാണ് ലങ്ക കിരീടത്തില്‍ മുത്തമിട്ടത്. വനിതാ ഏഷ്യാ കപ്പ് ചരിത്രത്തില്‍ ശ്രീലങ്കയുടെ ആദ്യ കിരീടമാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഫൈനല്‍ കളിച്ചെങ്കിലും അഞ്ച് തവണയും ഇന്ത്യയോട് പരാജയപ്പെടാനായിരുന്നു ലങ്കയുടെ വിധി.

ചമാരിയുടെയും ഹര്‍ഷിത് സമരവിക്രമയുടെയും അര്‍ധ സെഞ്ച്വറികളാണ് ശ്രീലങ്കക്ക് വിജയം സമ്മാനിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍ വിഷ്മി ഗുണരത്‌നെയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ചമാരിയും വണ്‍ ഡൗണായെത്തിയ ഹര്‍ഷിതയും തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയകറ്റിയത്.

43 പന്തില്‍ 61 റണ്‍സ് നേടിയ ചമാരിയെ പുറത്താക്കി ദീപ്തി ശര്‍മയാണ് ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. എന്നാല്‍ നാലാം നമ്പറിലെത്തിയ കവിഷ ദില്‍ഹാരിയെ ഒപ്പം കൂട്ടി ഹര്‍ഷിത ലങ്കയെ വിജയത്തിലെത്തിച്ചു.

ഹര്‍ഷിത 51 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ 30 റണ്‍സ് നേടിയാണ് ദില്‍ഹാരി പുറത്താകാതെ നിന്നത്. ഒമ്പത് പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ പൂജ വസ്ത്രാക്കറിനെ സിക്‌സറിന് പറത്തി ദില്‍ഹാരി ലങ്കക്ക് കന്നിക്കിരീടം നേടിക്കൊടുക്കുകയായിരുന്നു.

ലങ്കയുടെ പോരാട്ട വീര്യത്തിന് പുറമെ മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വരുത്തിയ പിഴവുകള്‍ കൂടിയാണ് ആതിഥേയര്‍ക്ക് തുണയായത്. കൈവിട്ടുകളഞ്ഞ ക്യാച്ചുകളും മിസ് ഫീല്‍ഡുകളും ഇന്ത്യയെ ചതിച്ചു. കിട്ടയ അവസരങ്ങളിലെല്ലാം തന്നെ സിംഗിളുകള്‍ ഡബിളുകളാക്കി കണ്‍വേര്‍ട്ട് ചെയ്ത് ലങ്ക സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സാണ് ഷെഫാലിയും മന്ഥാനയും ചേര്‍ന്ന് സ്വന്തമാക്കിയത്.

16 റണ്‍സ് നേടിയ ഷെഫാലിയെ മടക്കി കവിഷ ദില്‍ഹാരിയാണ് ശ്രീലങ്കക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ഉമ ഛേത്രി ഒമ്പത് റണ്‍സും നേടി മടങ്ങി.

നാലാം നമ്പറിലെത്തിയ ഹര്‍മന്‍പ്രീത് കൗറിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 11 പന്തില്‍ 11 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായി.

അതേസമയം, ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് മന്ഥാന ഉറച്ചുനിന്നു. അര്‍ധ സെഞ്ച്വറി നേടിയാണ് മന്ഥാന തിളങ്ങിയത്. 47 പന്തില്‍ 60 റണ്‍സാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തത്. പത്ത് ഫോര്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്സ്.

മന്ഥാനക്ക് പുറമെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും ജെമീമ റോഡ്രിഗസിന്റെയും വെടിക്കെട്ടും ഇന്ത്യക്ക് തുണയായി. റിച്ച 14 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ 29 റണ്‍സാണ് ജെമീമ നേടിയത്.

Content highlight: Women’s Asia Cup Final 2024: Sri Lanka defeated India

Latest Stories

We use cookies to give you the best possible experience. Learn more