| Saturday, 6th April 2019, 12:55 pm

ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ 33 ശതമാനത്തിനു മുകളില്‍ സ്ത്രീപ്രാതിനിധ്യമുള്ളത് തൃണമൂലിലും ബി.ജെ.ഡിയിലും മാത്രം; സി.പി.ഐ.എമ്മില്‍ 10 ശതമാനം മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏറെക്കാലമായി പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീസംവരണം വേണമെന്ന ആവശ്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്നു. എന്നാല്‍ ഈ ആവേശമൊന്നും തങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൊണ്ടുവരാന്‍ ഭൂരിഭാഗവും തയ്യാറായിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.

ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികളില്‍ ഏറ്റവുമധികം സ്ത്രീകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 344 സീറ്റുകളില്‍ 47 എണ്ണത്തില്‍ സ്ത്രീകള്‍ മത്സരിക്കുന്നു. കേവലം 13.7 ശതമാനമാണിത്. ഇത്തവണ അധികാരത്തിലേറിയാല്‍ പാര്‍ലമെന്റിലെ 33 ശതമാനം സ്ത്രീസംവരണം സംബന്ധിച്ച ബില്‍ പാസ്സാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: സോണിയാ ഗാന്ധി ഇടതിനെ ഐക്യത്തിന് ക്ഷണിക്കുന്നു, രാഹുല്‍ ഇടതിനെതിരെ മത്സരിക്കുന്നു; കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് സിതാറാം യെച്ചൂരി

രണ്ടാംസ്ഥാനത്താണു ഭരണകക്ഷിയായ ബി.ജെ.പി. 374 സ്ഥാനാര്‍ഥികളില്‍ 45 പേരാണു സ്ത്രീകള്‍. 12 ശതമാനം മാത്രം.

പത്തിലധികം സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. 42 സ്ഥാനാര്‍ഥികളില്‍ 17 പേരും സ്ത്രീകളാണ്. അതായത് 40.5 ശതമാനം.

33 ശതമാനത്തിനുവേണ്ടി എല്ലാവരും വാദിക്കുമ്പോള്‍ അതു യാഥാര്‍ഥ്യമാക്കിയത് തൃണമൂലും ബിജു ജനതാദളുമാണ് (ബി.ജെ.ഡി). തങ്ങള്‍ക്ക് ആകെയുള്ള 19 സ്ഥാനാര്‍ഥികളില്‍ ഏഴു സ്ത്രീകളെ നിര്‍ത്താന്‍ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിക്കായി.

സി.പി.ഐ.എമ്മാകട്ടെ, പ്രഖ്യാപിച്ച 41 സ്ഥാനാര്‍ഥികളില്‍ നാലു സ്ത്രീകള്‍ മാത്രമാണുള്ളത്. കേരളത്തിലും ബംഗാളിലും രണ്ടുപേര്‍ വീതമാണിത്. കേവലം 10.25 ശതമാനം. കേരളത്തില്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്നു പി.കെ ശ്രീമതിയും പത്തനംതിട്ട മണ്ഡലത്തില്‍നിന്നു വീണാ ജോര്‍ജുമാണു മത്സരിക്കുന്നത്. ബംഗാളില്‍ റാണഘട്ടില്‍ നിന്നു രമാ ബിശ്വാസ്, കൊല്‍ക്കത്ത ദക്ഷിണില്‍നിന്ന് ഡോ. നന്ദിനി മുഖര്‍ജി എന്നിവരും മത്സരിക്കുന്നു.

Also Read: തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്‍ മരിച്ചു

ആര്‍.ജെ.ഡി(17.6 %) എസ്.പി (17.2 %) ടി.ആര്‍.എസ് (11.8 %), എന്‍.സി.പി (11.1 %), ഡി.എം.കെ (10 %) എന്നിങ്ങനെയാണു മറ്റു പ്രമുഖ കക്ഷികളുടെ സ്ത്രീപ്രാതിനിധ്യം.

നിലവില്‍ ലോക്‌സഭയില്‍ കേവലം 11 ശതമാനമാണു സ്ത്രീകളുള്ളത്. 66 പേര്‍. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാകട്ടെ, ഇത്തവണ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more