| Saturday, 14th March 2015, 9:52 pm

വനിതാ എം.എല്‍.എമാര്‍ക്ക് നിയമസഭയ്ക്കകത്ത് നിയന്ത്രണം വേണം: കെ.സി ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് വനിതാ എം.എല്‍.എമാരുടെ പെരുമാറ്റത്തില്‍ നിയന്ത്രണം വേണമെന്നുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം.  എം.പിമാരായ പി.കെ ശ്രീമതി, ടി.എന്‍ സീമ എം.എല്‍.എമാരായ ജമീല പ്രകാശം, ബി.എസ് ബിജിമോള്‍ എന്നിവരാണ് മന്ത്രിയുെട പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി മാപ്പ് പറയണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. നിയമസഭയിലെ അക്രമങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് ജമീല പ്രകാശം പറഞ്ഞത്.

സര്‍ക്കാറിനെതിരെ നിയമസഭയില്‍ ആഞ്ഞടിക്കുന്ന വനിതാ എം.എല്‍.എമാരെ സൗകര്യം കിട്ടിയപ്പോള്‍ ഭരണകക്ഷി എം.എല്‍.എമാര്‍ അടിച്ചൊതുക്കിയെന്നായിരുന്നു ഇ.എസ് ബിജിമോളുടെ പ്രതികരണം. സഭയില്‍ എന്തുണ്ടായാലും സ്വന്തം കസേര സംരക്ഷിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും ബിജിമോള്‍ കുറ്റപ്പെടുത്തി.

നിയമസഭയ്ക്കകത്ത് വനിതാ എം.എല്‍.എമാരുടെ പെരുമാറ്റത്തില്‍ നിയന്ത്രണം വേണമെന്നും വനിതകളായാല്‍ എന്തും ചെയ്യാമെന്ന നിലപാട് ശരിയല്ലെന്നുമായിരുന്നു കെ.സി ജോസഫ് പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more