| Monday, 1st December 2025, 7:45 pm

രാഹുല്‍ ഈശ്വറും സീമ നായരേ പോലുള്ള സ്ത്രീകളും പുരുഷാധിപത്യ വ്യവസ്ഥയുടെ മൂട് താങ്ങികള്‍ ആകുന്നു: ആര്‍. ബിന്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗിക പീഡന കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിന്തുണക്കുന്നതില്‍ വലത് ആക്റ്റിവിസ്റ്റ് രാഹുല്‍ ഈശ്വറിനെയും നടി സീമ നായരെയും വിമര്‍ശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു.

രാഹുല്‍ ഈശ്വരേ പോലുള്ള പുരുഷന്മാരും സീമ നായരേ പോലുള്ള സ്ത്രീകളും പുരുഷാധിപത്യ വ്യവസ്ഥയുടെ മൂട് താങ്ങികളും ഉപകരണങ്ങളും ആകുകയാണെന്ന് ആര്‍. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ അവശേഷിപ്പിച്ചുകൊണ്ട് അവളുടെ ജീവിതം തന്നെ കശക്കിയെറിഞ്ഞ അനുഭവങ്ങള്‍ക്ക് ഉത്തരവാദിയായ ഒരാളെയാണ് ഇവരെ പോലുള്ളവര്‍ ന്യായീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കും വ്യക്തമായി മനസിലാകുന്ന വ്യക്തിയെ ന്യായീകരിക്കാനും വെള്ള പൂശാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. തെറ്റിനെ വീണ്ടും വീണ്ടും ന്യായീകരിച്ചുകൊണ്ട് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നവര്‍ കുറ്റക്കാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആണധികാരത്തിന്റെ ധിക്കാരങ്ങള്‍ക്ക് കുട പിടിക്കുന്ന നാണം കെട്ട ഇക്കൂട്ടര്‍ സമൂഹത്തിന് അപമാനമെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസമാണ് റിമാന്‍ഡിന്റെ കാലാവധി.

രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വീഡിയോകള്‍ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് സീമ നായരേ വിവാദത്തിലാക്കിയത്. ‘ഒരുപാട് അമ്മമാരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും രാഹുലിനുണ്ട്’ എന്ന കുറിപ്പോടുകൂടി സീമ നായര്‍ പങ്കുവെച്ച രാഹുലിന്റെ വീഡിയോയായാണ് വിവാദത്തിന് തിരികൊളുത്തിയത്.

പിന്നാലെ ഇതിനെ വിമര്‍ശിച്ച സി.പി.ഐ.എം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയും സീമ നായരും തമ്മില്‍ സമൂഹ മാധ്യമങ്ങളില്‍ വാക്കേറ്റവും ഉണ്ടായിരുന്നു.

Content Highlight: Women like Seema G. Nair and Rahul Easwar are the pillars of the patriarchal system: R. Bindu

We use cookies to give you the best possible experience. Learn more