| Friday, 4th September 2026, 11:16 am

മുസ്‌ലിം വിരുദ്ധ അധിക്ഷേപവും ക്രൂരമർദനവും; ദൽഹി പൊലീസിനെതിരെ വനിതാ മാധ്യമപ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: റിപ്പോർട്ടിങ്ങിനിടെ തങ്ങളെ ക്രൂരമായി മർദിക്കുകയും വർഗീയമായി അധിക്ഷേപിക്കുകയും ചെയ്ത ദൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്ന് നീതി ആവശ്യപ്പെട്ട് ഇവർ സാകേത് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. യൂട്യൂബ് മാധ്യമ സ്ഥാപനമായ ‘4PM ന്യൂസ് നെറ്റ്‌വർക്കി’ന്റെ ഫ്രീലാൻസ് മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പങ്കെടുത്ത ഔദ്യോഗിക പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഭരണകൂടവുമായി ബന്ധപ്പെട്ട സൈക്കിൾ വിതരണ അഴിമതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പൊലീസ് തങ്ങളെ ബലംപ്രയോഗിച്ച് സാകേത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.

തുടർന്ന് സ്റ്റേഷനിലെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരടക്കം ലാത്തിയും വടിയും ഉപയോഗിച്ച് തല്ലിച്ചതച്ചതായി ഇരുവരും പറഞ്ഞു. മൊബൈൽ ഫോണിലെ വിളികളിൽ നിന്ന് തങ്ങളുടെ മുസ്‌ലിം സ്വത്വം വ്യക്തമായതോടെ ‘ഖാൻ’ എന്ന പേര് ചൂണ്ടിക്കാട്ടി വിദ്വേഷപരമായ പരാമർശങ്ങളോടെ മർദനം കൂടുതൽ രൂക്ഷമാക്കുകയായിരുന്നുവെന്ന് ഷഹീൻ ഖാൻ പുറത്തുവിട്ട വീഡിയോ റിപ്പോർട്ടിൽ വ്യക്തമാക്കി.

ദേഹമാസകലം ചതവുകളേറ്റ ഇരുവരെയും പിന്നീട് വൈദ്യപരിശോധനയ്ക്കായി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ മാധ്യമപ്രവർത്തകരുടെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) അനന്ത് മിത്തൽ അറിയിച്ചു. വി.വി.ഐ.പി സുരക്ഷാ പാതയിൽ ഇരുചക്ര വാഹനം നിർത്തിയിട്ട് ഗതാഗത തടസമുണ്ടാക്കിയതിനാണ് ഇവരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതെന്നും ശാരീരിക മർദനം ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

സംഭവത്തിൽ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ (PCI), ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് (IWPC), ദൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (DUJ), കെ.യു.ഡബ്ല്യു.ജെ തുടങ്ങിയ പ്രമുഖ മാധ്യമ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

Content Highlight:Women journalists stage sit-in protest at police station; demand FIR against officers who allegedly assaulted them.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more