പത്തനംതിട്ട: നാല്‍പ്പതോളം സ്ത്രീകള്‍ ഈ മാസം ഇരുപത്തി മൂന്നിന് ശബരിമയിലെത്തുമെന്ന് മനിതി വനിത കൂട്ടായ്മ. സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കൂട്ടായ്മ അറിയിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം സ്ത്രീകളാണ് ഈ മാസം ഇരുപത്തി മൂന്നിന് ശബരിമയിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കുന്നത് വരെ ശ്രമം തുടരുമെന്നും പ്രതിഷേധമുണ്ടായാല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹായമഭ്യര്‍ഥിക്കുമെന്നും മനിതി പറഞ്ഞു.
“ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനാലു വയസുള്ള പെണ്‍കുട്ടിയടക്കം പതിനഞ്ചുപേര്‍ ഒഡിഷ,കര്‍ണാടക,മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്നും ഇരുപത്തിയഞ്ചോളം പേര്‍. ഇരുപത്തിമൂന്നാം തിയതി സംഘം കോട്ടയത്തെത്തി ശബരിമലയിലേക്ക് തിരിക്കാനാണ് ആലോചന. ചിലര്‍ അഞ്ച് ദിവസം മുമ്പ് മാലയിടും. മറ്റു ചിലര്‍ പമ്പയില്‍ നിന്നും. പക്ഷേ എല്ലാവരും വ്രതത്തിലാണ്. അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവരും സംഘത്തിലുണ്ടെന്ന് മനിതി ഭാരവാഹികള്‍ പറഞ്ഞു.
ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമെന്നും ശബരിമലയില്‍ പോകാന്‍ ആഗ്രവുമായി എത്തുന്ന സ്ത്രീകളെ അവിടെ എത്തിക്കുകയാണ് മനിതിയുടെ നിലവിലെ ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.