| Monday, 22nd June 2026, 11:00 am

പെണ്ണുങ്ങളില്ലാത്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമല്ല, നല്ല സ്‌ട്രോങ് സ്ത്രീകളുള്ള ബാലനും എടുക്കാനറിയാം

അമര്‍നാഥ് എം.

സംവിധാനം ചെയ്ത മൂന്ന് സിനിമകളിലും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത ഫീല്‍ സമ്മാനിച്ച സംവിധായകനാണ് ചിദംബരം. ആദ്യചിത്രമായ ജാന്‍ ഏ മന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റി. ഇപ്പോഴിതാ മൂന്നാമത്തെ ചിത്രമായ ബാലനും സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയിരിക്കുകയാണ്.

ബാലന്‍ Photo: Screen grab/ Zee Music

പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ബാലന്‍ പറയുന്നത്. ആദ്യ സീനില്‍ തന്നെ പ്രേക്ഷകരെ ഇമോഷണലി ഹുക്ക് ചെയ്യിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ചിദംബരത്തിന്റെ മുന്‍ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റായ സമയത്ത് ചിലര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ആണുങ്ങളാണെന്നും സ്ത്രീകള്‍ക്ക് പ്രാധാന്യമില്ലാത്ത ചിത്രമാണ് ഇതെന്നും ചിലര്‍ വിമര്‍ശിച്ചു. പുരുഷന്മാരുടെ ആഘോഷം മാത്രമാണ് എപ്പോഴും സ്വീകരിക്കപ്പെടുന്നതെന്നും സ്ത്രീകള്‍ക്ക് ഇത്തരം സിനിമകളില്‍ യാതൊരു റോളുമില്ലെന്നുമെല്ലാം വിമര്‍ശനമുയര്‍ന്നിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ക്ക് ചിദംബരം നല്‍കിയ മറുപടിയാണ് ബാലന്‍.

മഞ്ഞുമ്മല്‍ ബോയ്‌സ് Photo: Theatrical poster

സിനിമയില്‍ വന്നുപോകുന്ന സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം കൃത്യമായ ഐഡന്റിറ്റിയും ശക്തമായ ക്യാരക്ടര്‍ ആര്‍കും നല്‍കാന്‍ തിരക്കഥാകൃത്തിനും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകനും സാധിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രമായ അമ്മയെ അവതരിപ്പിച്ച ഫര്‍സാന പാലത്തിങ്കലിനെ എടുത്തുപറയണം.

ബാലന്‍ Photo: Screen grab/ Zee Music

ഭൂതകാലത്തിന്റെ ഓര്‍മകളില്‍ നിന്ന് ഒളിച്ചോടുന്ന, ആരോടും കൂട്ടുകൂടാന്‍ താത്പര്യപ്പെടാത്ത കഥാപാത്രമാണ് ഈ അമ്മ. പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ച രീതി എടുത്തുപറയേണ്ടതാണ്.

ഫര്‍സാനക്ക് ശേഷം ഈ സിനിമയില്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ച മറ്റൊരു സ്ത്രീ കഥാപാത്രം ഡോളി ജൂണ്‍ അവതരിപ്പിച്ച അമ്മാമ്മയുടേതാണ്. സ്വന്തം മകനോട് പോലും സംസരിക്കാത്ത, വീട്ടില്‍ വരുന്ന ജോലിക്കാരികളോട് നന്നായി പെരുമാറാത്ത അമ്മാമ്മയുടെ കഥാപാത്രം ഒരുഘട്ടത്തില്‍ മനസ് നിറക്കുന്നുണ്ട്. ചില നേരത്തെ ഡയലോഗ് കൊണ്ട് പൊട്ടിച്ചിരിപ്പിക്കാനും അമ്മാമ്മക്ക് സാധിച്ചു.

ബീന ആന്റണി അവതരിപ്പിച്ച ഷംനാത്തയും എടുത്തുപറയേണ്ട കഥാപാത്രമാണ്. വെറും മൂന്ന് സീന്‍ കൊണ്ട് സിനിമയിലുടനീളം തന്നെ അടയാളപ്പെടുത്താന്‍ ബീന ആന്റണിക്ക് സാധിച്ചു. സ്‌ക്രീനില്‍ കാണുന്ന സമയത്തെല്ലാം പുഴുവരിക്കുന്ന തരത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ബീനയുടെ കഥാപാത്രത്തിന് സാധിച്ചു.

വെറും മൂന്ന് സീന്‍ കൊണ്ട് സാന്ദ്രാ ചന്ദ്രന്‍ അവതരിപ്പിച്ച സിസിലിയും മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. താന്‍ സ്‌നേഹിക്കുന്ന പവിത്രന്‍ തന്നെ കൈയൊഴിഞ്ഞെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന നിരാശ സാന്ദ്രയില്‍ ഭദ്രമായിരുന്നു. അബ്ബയുടെ സഹോദരിയായി വേഷമിട്ട സ്ത്രീയും ചുരുങ്ങിയ സമയം കൊണ്ട് സ്വയം അടയാളപ്പെടുത്തി.

സാന്ദ്രാ ചന്ദ്രന്‍, ബീന ആന്റണി Photo: Screen grab/ Zee Music

മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്‍ സമൂഹത്തിന്റെ ആഘോഷമാണെന്ന് വിമര്‍ശിച്ചവര്‍ ബാലനെ പ്രശംസിച്ച് ഇതുവരെ ഒരു വാക്ക് പോലും പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. വിമര്‍ശനത്തിലും പ്രശംസയിലും ആരെയും കൂസാതെ തന്റെ സിനിമകള്‍ ഗംഭീരമാക്കുന്ന ചിദംബരം ഇനിയും വിസ്മയിപ്പിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Women characters in Balan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more