| Thursday, 11th December 2025, 8:42 am

വന്ധ്യതാ ചികിത്സയുടെ പേരില്‍ സ്ത്രീകളെ കേരളത്തിലെത്തിച്ച് ചൂഷണം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വന്ധ്യതാ ചികിത്സയുടെ ഭാഗമായുള്ള അണ്ഡദാനത്തിന്റെയും വാടക ഗര്‍ഭധാരണത്തിന്റെയും പേരില്‍ സ്ത്രീകളെ കേരളത്തിലെത്തിച്ച് ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍. ഡിസംബര്‍ അഞ്ചിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കളമശേരി സി.ഐ ദിലീഷ് ടി. ഈശോയുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചത്.

കളമശ്ശേരി സ്റ്റേഷനിലെ എസ്.ഐ സെബാസ്റ്റ്യന്‍ ആന്റണി, ക്രൈംബ്രാഞ്ച് എസ്.ഐമാരായ ടി.കെ. മനോജ്, പി.ഐ. റഫീഖ് എന്നിവരാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ രൂപവത്കരിച്ച സംഘത്തിലെ മറ്റ് അംഗങ്ങള്‍. സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് കൊച്ചി സിറ്റി ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മീഷണറാണ്.

അന്തര്‍ സംസ്ഥാനത്തുനിന്നെത്തിയ അണ്ഡദാതാക്കളായ യുവതികളെ അഗതി മന്ദിരത്തിലാക്കിയിരിക്കുകയാണെന്നും ഇവരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് കളമശേരിയിലെ എ.ആര്‍.ടി ബാങ്ക് മാനേജിങ് ഡയറക്ടര്‍ എം.എ. അബ്ദുല്‍മുത്തലിഫ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ അന്വേഷണം.

അസിസ്റ്റന്റ് റീപ്രൊഡക്ടീവ് ടെക്‌നോളജി (എ.ആര്‍.ടി) വന്ധ്യതാ ചികിത്സയില്‍ വഴിത്തിരിവാണെങ്കിലും, വിപണിയും ഡിമാന്‍ഡും വളര്‍ന്നതിനൊപ്പം വിനാശകരമായ ചില പ്രവണതകളും കടന്നുകൂടിയതായി കോടതി നിരീക്ഷിച്ചിരുന്നു.

റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം തേടിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എ ന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

ആകര്‍ഷകമായ പരസ്യം നല്‍കി ഹരജിക്കാരന്റെ സ്ഥാപനം കുട്ടികളില്ലാത്ത ദമ്പതികളെ വലയില്‍ വീഴ്ത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ അന്വേഷണം. സമഗ്രവും ഫലപ്രദവുമായ അന്വേഷണം നടത്താനും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

Content Highlight: Women brought to Kerala for exploitation in the name of infertility treatment; Government forms investigation team

We use cookies to give you the best possible experience. Learn more