| Thursday, 29th January 2015, 7:41 pm

നിര്‍ബന്ധിത മതപരിവര്‍ത്തനം; ഭര്‍ത്താവിനെതിരെ നല്‍കിയ കേസ് പിന്‍വലിച്ച ഭാര്യ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: വ്യാജ വിവരങ്ങള്‍ നല്‍കി വിവാഹം ചെയ്ത് നിര്‍ബന്ധിച്ച് മതംമാറ്റിയ മുസ്‌ലിം യുവാവിനെതിരെ കേസ് കൊടുത്ത ഹിന്ദു യുവതി ആത്മഹത്യ ചെയ്ത നിലയില്‍. ഗ്വാളിയോറിലാണ് സംഭവം. മഞ്ജു കുശ്വാഹ(30) അധവാ റിസ്വാനയെയാണ് ബുധനാഴ്ച്ച വൈകീട്ട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികളെ കളിക്കാന്‍ പറഞ്ഞയച്ചതിനു ശേഷമായിരുന്നു ആത്മഹത്യ. നഴ്‌സാണ് മഞ്ജു. ഭര്‍ത്താവായ ആദില്‍ അധവാ സണ്ണി മഞ്ജുവുമായി വഴക്കിട്ടു പോയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തുവസ്സുള്ള മകനാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്നാണ് ആത്മഹത്യ എന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഭര്‍ത്താവിനെതിരെ ജാന്‍സി റോഡ് പോലീസ് സ്‌റ്റേഷനില്‍ മഞ്ജു പരാതി നല്‍കുന്നത്. മതപരമായ വിവരങ്ങള്‍ മറച്ചുവെച്ച് തന്റെ പേര്‍ സണ്ണി കുശ്വാഹ എന്നു പറഞ്ഞാണ് തന്നെ ആദില്‍ വിവാഹം ചെയ്തതെന്ന് മഞ്ജു ആരോപിക്കുന്നു. തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും പേര് റിസ്വാനയെന്നാക്കിയെന്നും ആരോപിച്ച മഞ്ജു സത്രീധനം ആവശ്യപ്പെട്ടതിനും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

അതേസമയം മഞ്ജു ഭര്‍ത്താവുമായി ഒരുമിച്ചിരുന്നുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്തതിന് ഭര്‍ത്താവിനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. പക്ഷെ സ്ത്രീധനം ആവശ്യപ്പെട്ടതിന് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2014 മാര്‍ച്ചിലാണ് മഞ്ജു ആദിലിനെ വിവാഹം ചെയ്യുന്നത്. തന്റെ ആദ്യവിവാഹത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മഞ്ജുവിനുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആദിലിനെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ജാമ്യത്തിലിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more