| Sunday, 6th April 2025, 11:37 am

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; മരണം അഞ്ചാമത്തെ പ്രസവത്തിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമാണിത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സക്ക് പോകാതെ വീട്ടിൽ തന്നെ പ്രസവം നടത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പെരുമ്പാവൂരിലെത്തിച്ച് മൃതദേഹം ഖബറടക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം മാറ്റുകയായിരുന്നു.

കോട്ടക്കൽ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നേരത്തെയും യുവതിയുടെ പ്രസവ സമയത്ത് ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല എന്നതാണ് പ്രാഥമികമായി അറിയാൻ കഴിയുന്നത്.

യുവതി ഗർഭിണിയായാപ്പോൾ പോലും ആശുപത്രിയിൽ കൊണ്ടുപോകാൻ കുടുംബം തയാറായായില്ല. ഗർഭിണിയാണെന്ന വിവരം ആശാ വർക്കറെ പോലും അറിയിച്ചിട്ടില്ല.

കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവ വേദന ഉണ്ടായിട്ടും യുവതിയെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ സിറാജ്ജുദ്ദീൻ മലപ്പുറം ചട്ടിപ്പറമ്പിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: woman who gave birth at home in Chattiparam, Malappuram, died; death was in her fifth delivery

We use cookies to give you the best possible experience. Learn more