| Saturday, 11th October 2014, 1:42 pm

കുവൈറ്റില്‍ വീട്ടുതടങ്കലിലായിരുന്ന ഇന്ത്യന്‍ യുവതിയെ മോചിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിയെ മോചിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക ഇടപെട്ടതോടെയാണ് യുവതിയുടെ മോചനം സാധ്യമായത്.

യുവതി ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അനുവാണ് കഴിഞ്ഞ നാല് വര്‍ഷമായി കുവൈറ്റില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞത്. അബു ഖലീഫയില്‍ ലേഡീസ് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരുന്ന യുവതിക്ക് നാട്ടില്‍ പോകാന്‍ സ്‌പോണ്‍സര്‍ അനുമതി നല്‍കിയിരുന്നില്ല.

കഴിഞ്ഞദിവസം പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് യുവതി അവധി ആവശ്യപ്പെട്ടിരുന്നു. ഇതോടെ സ്‌പോണ്‍സറായ ഈജിപ്ഷ്യന്‍ സ്ത്രീ ഇവരെ താമസസ്ഥലത്ത് നിന്നും പുറത്ത് പോവാന്‍ അനുവദിച്ചിരുന്നില്ല. ഇവരുടെ പാസ്‌പോര്‍ട്ട് ഉടമ പിടിച്ചുവെച്ചിരുന്നു.

സംഭവങ്ങള്‍ വിശദീകരിച്ച് യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവിന്റെ മോചനത്തിനായി ഇടപെടാന്‍ നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കുവൈറ്റ് ഒ.ഐ.സി.സി പ്രസിഡന്റും നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറുമായ വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുവതിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങിയത്. രണ്ട് മാസത്തെ അവധിക്ക് പോവാനാണ് സ്‌പോണ്‍സര്‍ അനുവദിച്ചത്.

We use cookies to give you the best possible experience. Learn more